മസ്‌കറ്റ്: വിഷന്‍ 2040 പദ്ധതി പ്രകാരം രാജ്യത്തിന്റെ ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഒമാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് ടൈമൂര്‍ അല്‍ സൈദ് വ്യക്തമാക്കി. ഒമാന്റെ 50-ാം ദേശീയ ദിനത്തോടനുബന്ധിച്ച്  രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്.

ദേശീയ ദിനത്തോട് അനുബന്ധിച്ച് നടന്നുവരാറുള്ള എല്ലാ ആഘോഷങ്ങളും കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരിമിതിപ്പെടുത്തി കൊ ണ്ടാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളെന്നും ഭരണാധികാരി സൂചിപ്പിച്ചു. സ്വദേശി പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന വികസനത്തിന് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യം സാമ്പത്തികസ്ഥിരത കൈവരിക്കുമെന്നും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് രാജ്യത്തോട് പറഞ്ഞു. 

വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്ക് കൂടുതല്‍  മുന്‍ഗണന നല്‍കുമെന്നും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് കൂട്ടിച്ചേര്‍ത്തു. സുസ്ഥിര നിലവാരത്തിലുള്ള സാമ്പത്തിക സന്തുലനം  ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് ഒമാന്‍ ഭരണകൂടം നടപ്പിലാക്കി വരുന്നത്. സാമ്പത്തിക വളര്‍ച്ച, വരുമാന സ്രോതസ്സുകള്‍, ചെലവ് ചുരുക്കല്‍, സാമൂഹ്യ സുരക്ഷാ തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ നല്‍കികൊണ്ടുള്ള  പദ്ധതികള്‍ക്കും   സര്‍ക്കാര്‍ രൂപം നല്‍കി കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ദേശീയ ദിനത്തോട് അനുബന്ധിച്ച് നടത്തി വരാറുള്ള സൈനിക പരേഡ് മാറ്റിവെക്കുവെക്കുവാനും ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നേരത്തെ നിര്‍ദ്ദേശം നല്കിയിട്ടുണ്ടായിരുന്നു.