ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഫ്രാൻസിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനം നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും പശ്ചിമേഷ്യൻ സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും സന്ദർശനം ലക്ഷ്യമിടുന്നു.

മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഞായറാഴ്ച ഫ്രാൻസ് സന്ദർശിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റ് ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് സുൽത്താന്റെ രണ്ടുദിവസത്തെ സന്ദർശനം. ജൂൺ 28 മുതൽ 29 വരെയാണ് സന്ദർശനമെന്ന് റോയൽ കോർട്ട് ദിവാൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒമാനും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാമ്പത്തിക സഹകരണം, സാങ്കേതികവിദ്യ, ഊർജം തുടങ്ങി വിവിധ മേഖലകളിലെ പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ, ആഗോള രാഷ്ട്രീയ-സുരക്ഷാ വിഷയങ്ങൾ, അന്താരാഷ്ട്ര തലത്തിലെ പുതിയ വെല്ലുവിളികൾ എന്നിവയിലും ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങൾ ആശയവിനിമയം നടത്തും. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ ഒമാനും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സന്ദർശനം വഴിയൊരുക്കും.

സുൽത്താനെ അനുഗമിക്കുന്ന ഉന്നതതല പ്രതിനിധിസംഘത്തിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, റോയൽ കോർട്ട് ദിവാൻ മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സയീദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി അൻവർ ബിൻ ഹിലാൽ അൽ ജബ്രി, ഫ്രാൻസിലെ ഒമാൻ അംബാസഡർ അഹമ്മദ് ബിൻ മുഹമ്മദ് അൽ അറൈമി എന്നിവരും ഉണ്ടാകും. ഒമാനും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ വിപുലീകരിക്കുന്നതിലും ഉഭയകക്ഷി ബന്ധത്തിന് പുതിയ ദിശാബോധം നൽകുന്നതിലും സുൽത്താൻ ഹൈതമിന്‍റെ ഈ ഔദ്യോഗിക സന്ദർശനം നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.