മസ്കത്ത്: ഒമാനിൽ കൊറോണ  വൈറസ് ബാധിതരുടെ എണ്ണം 39 ആയി. പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ പൊതുഗതാഗതം നിർത്തിവെച്ചു. വിവിധ സാമ്പത്തിക ആശ്വാസ പദ്ധതികളും ഒമാൻ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാനില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടു രാജ്യത്ത് കൊറോണ വൈറസ്സ് ബാധിച്ചവരുടെ എണ്ണം 39 ആയി. രോഗ വ്യാപനം തടയുവാൻ  പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബസ്, മിനി ടാക്‌സി വാന്‍ , ഫെറി സര്‍വീസ് എന്നിവ  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്ത് നിര്‍ത്തിവച്ചിട്ടുണ്ട്. എന്നാല്‍, ടാക്‌സികളെ സുരക്ഷാ നിബന്ധനകളോടെ സര്‍വീസുകള്‍ നടത്താന്‍ അനുവദിച്ചിട്ടുണ്ട്. മുസന്ദം, മസീറ എന്നിവടങ്ങളിലേക്കുള്ള  ഫെറി സര്‍വീസുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. 

പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാമ്പത്തിക ബാധ്യതകള്‍  മറികടക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ വിവിധ  സാമ്പത്തിക സഹായ പദ്ധതികളും  പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാൻ സെവലപ്മെന്റെ  ബാങ്കിന്റെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും  വായ്പാ ഗഡുക്കൾ അടക്കുവാൻ ആറുമാസം സാവകാശം അനുവദിക്കും. വ്യാവസായിക നഗരങ്ങളിലെ ഫാക്ടറികളുടെ മൂന്നു മാസത്തെ വാടകയിൽ ഇളവ്  നൽകുമെന്നും അറിയിച്ചിട്ടുണ്ട്.