മസ്‍കത്ത്: ഒമാനിലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവ് പുറത്തിറക്കി. ഹിജ്‍റ വര്‍ഷാരംഭമായ മുഹറം ഒന്ന്, നബിദിനം, ഇസ്റാഅ് മിഅ്റാജ്, ദേശീയ ദിനം എന്നിവയും രണ്ട് പെരുന്നാളിനോടനുബന്ധിച്ചുള്ള അവധികളുമാണ് പ്രഖ്യാപിച്ചത്. 

മുഹറം ഒന്നിന് പുറമെ ഹിജ്റ മാസം റബീഉല്‍ അവ്വല്‍ 12ന് നബിദിനാവധി, റജബ് 27ന് ഇസ്റാഅ് മിഅ്റാജ് അവധി എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 18, 19 തീയ്യതികളിലാണ് ദേശീയ ദിന അവധി. ഇവയില്‍ ഏതെങ്കിലും ഒരു അവധി ദിനം വെള്ളിയാഴ്ചയാണെങ്കില്‍ പകരം മറ്റൊരു ദിനം അവധി നല്‍കും. ദേശീയ ദിന അവധിയില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തും.

റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് ചെറിയ പെരുന്നാള്‍ അവധി. ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയാണ് ബലി പെരുന്നാള്‍ അവധി. പെരുന്നാളുകളുടെ ആദ്യ ദിനങ്ങള്‍ വെള്ളിയാഴ്ചയാണെങ്കില്‍ പകരം മറ്റൊരു ദിവസം അവധി നല്‍കും.