മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്തു വരുന്ന വിവിധ മേഖലകളിലാണ് സ്വദേശിവത്കരണം പുരോഗമിച്ചുവരുന്നത്

മസ്‌കറ്റ്: സ്വദേശിവൽക്കരണം ഊര്‍ജിതപ്പെടുത്തി കൊണ്ട് ഒമാൻ മാനവവിഭവശേഷി മന്ത്രാലയം. നിലവിലെ പതിനൊന്ന് തസ്തികകൾ കൂടി സ്വദേശിവൽക്കരിക്കുന്നു. ഇതുമൂലം ഒമാനിലുള്ള നൂറു കണക്കിന്‌ പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങേണ്ടി വരും.

Add Asianetnews as a Preferred SourcegooglePreferred

ഹോസ്റ്റൽ സൂപ്പർവൈസർ, സൈക്കോളജിസ്റ്റ്‌, സാമൂഹ്യശാസ്ത്ര വിദഗ്ദ്ധൻ തുടങ്ങി 11 തസ്തികള്‍ സ്വദേശിവൽക്കരിച്ച് കൊണ്ടാണ് ഒമാൻ മാനവവിഭവശേഷി മന്ത്രാലയം ഇന്ന് വിജ്ഞാപനമിറക്കിയത്. സ്വദേശികൾക്ക് രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. ഈ തസ്തികയിൽ തൊഴിൽ ചെയ്തുവരുന്ന വിദേശികൾ വിസ കാലാവധി കഴിയുമ്പോൾ രാജ്യം വിട്ടുപോകണമെന്നാണ് മന്ത്രാലയത്തിന്റെ കർശന നിര്‍ദേശം.

കാലാവധി പൂർത്തീകരിക്കുന്ന ഈ വിസകൾ പുതുക്കി നല്കുകയില്ലെന്നും വിശദീകരണം കുറിപ്പിൽ പറയുന്നു. ഒമാനിലെ മത്സ്യബന്ധന, ഖനന മേഖലകളിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു. നിലവിൽ ഈ മേഖലകളിൽ 15 % മാണ് സ്വദേശിവത്കരണ തോത്. ഇത് 35 ശതമാനമായി ഉയർത്തുവാനും മന്ത്രാലയം നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

വിനോദസഞ്ചാര മേഖലയിൽ സ്വദേശിവത്കരണം ഈ വര്‍ഷം 44.1 ശതമാനം പാലിക്കണമെന്നാണ് സർക്കാർ തീരുമാനം. ചരക്കുനീക്ക രംഗത്ത് 20 ശതമാനവും വ്യവസായ മേഖലയില്‍ 35 ശതമാനവും സ്വദേശിവത്കരണമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്തു വരുന്ന വിവിധ മേഖലകളിലാണ് സ്വദേശിവത്കരണം പുരോഗമിച്ചുവരുന്നത്. 

Read more: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഒമാനില്‍ മരിച്ചു