റിയാദ്: സൗദി അറേബ്യയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ഹനീഫ (34) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ജുബൈലില്‍ ബസില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഹനീഫയ്ക്ക് ഒപ്പമുണ്ടായിരുന്ന രഞ്ജിത് ആന്റണി, സിയാഉല്‍ ഹഖ്, മോയിന്‍ മുഹിയുദ്ദീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. സുഹൃത്തുക്കള്‍ക്കൊപ്പം പുതിയ ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പോകുമ്പോഴാണ് ഹനീഫ അപകടത്തില്‍ പെട്ടത്. രണ്ടാഴ്ച മുന്‍പാണ് അദ്ദേഹം നാട്ടില്‍ പോയി മടങ്ങി വന്നത്.