മസ്കത്ത്: ഒമാനിൽ കൊവിഡ് ബാധിച്ച് ഒരാള‍് കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധയേറ്റ്  ആകെ മരിച്ചവരുടെ എണ്ണം രണ്ടായി. 72 കാരനായ ഒമാനി പൗരൻ കൂടി മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. നേരത്തെ മരിച്ചതും ഒമാന്‍ സ്വദേശിയായിരുന്നു.

അതേസമയം ഒമാനിൽ ഇന്ന് 25 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വയറസ് ബാധിച്ചവരുടെ എണ്ണം 277 ലെത്തിയെന്നും   ഒമാൻ ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. ഇതിൽ 207  കോവിഡ് ബാധിതരും മസ്കറ്റ് ഗവര്‍ണറേറ്റിൽ നിന്നുമുള്ളവരാണ്. ഇതിനകം 61   പേര്‍ രോഗവിമുക്തരായെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു