മസ്‍കത്ത്: ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് ഒരു വിദേശി കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിലെ കൊവിഡ് മരണ സംഖ്യ എട്ടായി. രണ്ട് ഒമാന്‍ സ്വദേശികളും മലയാളി ഉള്‍പ്പെടെ ആറ് വിദേശികളുമാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 

53  വയസുള്ള വിദേശിയാണ് ഏറ്റവുമൊടുവില്‍ കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് അധികൃതര്‍ ഇന്ന് അറിയിച്ചത്.  മാർച്ച് 31നായിരുന്നു ഒമാനില്‍ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ഏപ്രില്‍ നാലിന് ഒരാള്‍ കൂടി മരിച്ചു. 75 വയസിന് മുകളില്‍ പ്രായമുള്ള സ്വദേശികളായിരുന്നു ഇരുവരും. ഏപ്രില്‍ ഒന്‍പതിന് 41 കാരനായ വിദേശിയും ഏപ്രിൽ 12ന് 37കാരനായ മറ്റൊരു പ്രവാസിയും മരിച്ചു. മത്ര സൂഖിലെ വ്യാപാരിയായിരുന്ന ഗുജറാത്ത് സ്വദേശിയും മലയാളിയായ ഡോ. രാജേന്ദ്രൻ നായരും പിന്നീട് ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഏപ്രില്‍ 19നാണ് മറ്റൊരു വിദേശികൂടി കൊവിഡ് ബാധിച്ച് മരിച്ചത്. 

ഒമാനിൽ ഇന്നലെ 144 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 86 പേർ വിദേശികളും 58 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1410 ആയി. 238 പേർ ഇതിനോടകം രോഗമുക്തരായി.