റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ ഒരു ഇന്ത്യൻ പൗരൻ കൂടി ഉൾപ്പെട്ടതായി ഇന്ത്യൻ എംബസി അറിയിച്ചു. മഹാരാഷ്ട്ര സ്വദേശി ശൈഖ് ഉബൈദുല്ല (49) ആണ്  ദമ്മാമിൽ വെച്ച് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധയിൽ സൗദിയിൽ മരിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം 11 ആയി. 

മദീനയില്‍ നാലു പേരും മക്കയില്‍ മൂന്നു പേരും ജിദ്ദയിൽ രണ്ടുപേരും റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. ഇതിൽ രണ്ടു പേർ മലയാളികളാണ്. കണ്ണൂർ പാനൂർ സ്വദേശി ഷബ്നാസും മലപ്പുറം ചെമ്മാട് സ്വദേശി സഫ്വാനും. വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക, സന്നദ്ധ സംഘടനകള്‍വഴി ആവശ്യക്കാര്‍ക്ക് മരുന്നുകളും ഭക്ഷണവും വിതരണം ചെയ്യുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവിസ് നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ സൗദിയിൽ നിന്നുള്ള ഇന്ത്യാക്കാരെ നാട്ടിലയക്കാൻ എംബസി തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് എന്ത് പുതിയ തീരുമാനമുണ്ടായാലും അത് എംബസിയുടെ ട്വിറ്ററിലെയും ഫേസ്ബുക്കിലെയും ഔദ്യോഗിക അക്കൗണ്ടുകളിലൂടെയും വെബ്സൈറ്റിലൂടെയും അറിയിക്കുമെന്നും ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ പറഞ്ഞു.