ദുബായ്: കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളികൂടി മരിച്ചു. മരണ സംഖ്യ 179 ആയി. ഗള്‍ഫില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം മുപ്പതിനായിരത്തോളമായി. കുവൈത്തിൽ കർഫൂസമയം പതിനാറ് മണിക്കൂറായി വർദ്ധിപ്പിച്ചു. അതേസമയം  കൊവിഡ് ബാധിതരും ആരോഗ്യപ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്‍വ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു

കോവിഡ് ബാധിച്ചു ദുബായിൽ ഒരു മലയാളി കൂടി മരിച്ചു.  കാസർകോട്  മഞ്ചേശ്വരം ദര്‍മ്മനഗര്‍ മുന്നിപ്പാടി സ്വദേശി ഹമീദ് ബാവാരിക്കല്ലാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി.  10484പേര്‍ക്ക് സൗദിയില്‍ രോഗം സ്ഥിരീകരിച്ചു. ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്ന കുവൈത്തിൽ കർഫൂസമയം പതിനാറ് മണിക്കൂറായി വർദ്ധിപ്പിച്ചു. വൈകിട്ട് നാല് മുതൽ രാവിലെ എട്ട് മണി വരെയാണ് പുതിയ കർഫ്യൂ സമയം. റംസാൻ മാസം കഴിയുന്നതുവരെ പൊതു അവധി നീട്ടാനും തീരുമാനമായി.  കുവൈത്തില്‍ വൈറസ് ബാധിച്ച് ഇന്ത്യക്കാരുടെ എണ്ണം 1132ആയി

കൊവിഡ് ബാധിതരും ആരോഗ്യപ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്‍വ കൗണ്‍സില്‍
 മതനിയമം പുറപ്പെടുവിച്ചു. നിലവിലെ സ്ഥിതിക്ക് മാറ്റമില്ലെങ്കില്‍ പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരം ഒഴിവാക്കാമെന്നും നിര്‍ദ്ദേശത്തില്‍പറയുന്നു. ഓണ്‍ അറൈവല്‍, ടൂറിസ്റ്റ്, വിസിറ്റ് വിസകളില്‍ ഖത്തറിലെത്തിയവര്‍ക്ക് വിസാ കാലാവധി നീട്ടാതെ തന്നെ ഖത്തറില്‍ തുടരാമെന്ന്  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞവര്‍ പിഴ ഒടുക്കേണ്ടതില്ല. കൊവിഡ് വ്യാപനം മൂലം വിവിധ രാജ്യങ്ങള്‍ വിമാന സര്‍വീസ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം.