ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധിച്ച ഒരു മലയാളി കൂടി അമേരിക്കയില്‍ മരിച്ചു. ന്യൂയോർക്കിൽ താമസിക്കുന്ന സുബിൻ വർഗീസ് (46) ആണ് മരിച്ചത്. ആലപ്പുഴ മേക്കാട്ടിൽ കുടുംബാഗം പരേതനായ പാസ്റ്റർ തോമസ് വർഗീസിന്റെ മകനാണ്. ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും മേക്കാട്ടിൽ ഗ്രാഫിക്സ് പ്രിന്റിംഗ് പ്രസ് ഉടമയുമായിരുന്നു സുബിൻ വർഗീസ്.

കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ ജോസ്‌ലിൻ ജയ വർഗീസ്. മക്കൾ: കെയ്റ്റ്ലിൻ, ലൂക്ക്, ക്രിസ്റ്റിൻ.  അതേസമയം, ലോകത്ത് കൊവിഡ് ബാധിതര്‍ 40 ലക്ഷം കവിഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,75,000 കടന്നു. ഇറ്റലിയില്‍ മരണം മുപ്പതിനായിരം കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി.

ബ്രസീലില്‍ 800ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും പുതുതായി 9000 ത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയില്‍ പതിനായിരത്തിലധികം പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതര്‍ 1,80,000 കടന്നു.

അമേരിക്കയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. രണ്ടേകാൽ ലക്ഷത്തിലധികം പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം അമേരിക്കയില്‍ മരിച്ചത് 1,600 ല്‍ അധികം പേരാണ്.വൈറ്റ് ഹൗസിലെ ജീവനക്കാർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നു.