മനാമ: ബഹ്‌റൈനില്‍ ഒരു വയസ്സുള്ള പെണ്‍കുഞ്ഞില്‍ നിന്ന് മൂന്ന് വ്യത്യസ്ത കുടുംബങ്ങളിലുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചു. സമ്പര്‍ക്ക വ്യാപനം പരിശോധിച്ചതില്‍ നിന്നുള്ള വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. 

റാന്‍ഡം പരിശോധനയിലാണ് ഒരു വയസ്സുകാരിക്ക് കൊവിഡ് പോസിറ്റീവായത്. തുടര്‍ന്ന് കുഞ്ഞുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ തെരഞ്ഞപ്പോഴാണ് മൂന്ന് വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ള 10 പേര്‍ക്ക് രോഗം പകര്‍ന്നതായി കണ്ടെത്തിയത്. ഇവരെല്ലാവരും തന്നെ കുട്ടിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ്. സ്വകാര്യ നീന്തല്‍ക്കുളത്തില്‍ വെച്ചാണ് കുട്ടിയില്‍ നിന്നും ഇവര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന് മുമ്പും ഇത്തരത്തില്‍ സ്വകാര്യ നീന്തല്‍ക്കുളത്തില്‍ നിന്ന് രോഗവ്യാപനം ഉണ്ടായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.