പെണ്‍വേഷത്തില്‍ സോഷ്യല്‍ മീഡിയവഴി വശീകരിച്ച് ദുബായില്‍ എത്തിച്ച് ഇന്ത്യക്കാരനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമം
ദുബായ്: പെണ്വേഷത്തില് സോഷ്യല് മീഡിയവഴി വശീകരിച്ച് ദുബായില് എത്തിച്ച് ഇന്ത്യക്കാരനെ ബ്ലാക്ക് മെയില് ചെയ്യാന് ശ്രമം. ഇക്കഴിഞ്ഞ ജൂണിലാണ് സംഭവം. ബ്രിട്ടീഷ് പൌരനാണ് ഇന്ത്യക്കാരനെ ഹോട്ടലില് ബന്ധിയാക്കി ജീവന് അപായപ്പെടുത്തേണ്ടെങ്കില് സഹോദരനോട് ഒരു ദശലക്ഷം ദിർഹം നൽകണമെന്ന് ഇയാൾ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കേസ്.
ഇന്ത്യക്കാരന്റെ സഹോദരൻ ബ്രിട്ടിഷ് പൗരന് നൽകാനുള്ള ഒരു ദശലക്ഷം ദിർഹം തിരികെ നൽകിയില്ലെങ്കിൽ ദുബായിലുള്ള ഇയാളെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പണം ഇല്ലെങ്കിൽ ഇതിന് തുല്യമായ വസ്തു ബ്രിട്ടിഷ് പൗരന് നൽകണമെന്നായിരുന്നു ആവശ്യമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കാര്യങ്ങൾ ഇന്ത്യക്കാരൻ ഫോണിലൂടെ സഹോദരോട് പറഞ്ഞു. ബ്രിട്ടനിലുള്ള സഹോദരൻ ദുബായിലുള്ള ബന്ധുവിനോട് കാര്യങ്ങൾ പറയുകയും ഇയാൾ ദുബായ് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി ഹോട്ടൽ മുറിയിൽ പരിശോധന നടത്തുകയും പൂട്ടിയിട്ടിരുന്ന ഇന്ത്യക്കാരനെ മോചിപ്പിക്കുകയും ചെയ്തു.
ജൂൺ മൂന്ന്, നാല് തിയതികളിലാണ് പ്രതി തന്നെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടതെന്ന് ഇന്ത്യക്കാരൻ കോടതിയില് പറഞ്ഞു. ബ്രിട്ടിഷ് പൗരന് തന്റെ സഹോദരൻ നൽകാനുള്ള പണം കൊടുത്തില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇയാളുടെ പണം തന്റെ സഹോദരൻ കൈവശം വച്ചിരിക്കുകയാണെന്നും പറഞ്ഞു.
പ്രതിയെ ഹോട്ടലിന്റെ ലോബിയിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇരയായ വ്യക്തിയുടെ സഹോദരനെ വിളിക്കാൻ ഉപയോഗിച്ച ഫോൺ നമ്പറിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ സ്ത്രീ വേഷത്തിലാണ് ഇന്ത്യക്കാരനുമായി സമൂഹമാധ്യമത്തിൽ സംസാരിച്ചിരുന്നത്. ദുബായിൽ ഇയാളെ എത്തിക്കാനും ശ്രമിച്ചുവെന്ന് പ്രതി സമ്മതിച്ചുവെന്ന് പ്രോസിക്യൂട്ടേഴ്സ് പറഞ്ഞു.
