ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തിനോടനുബന്ധിച്ച് തയ്യാറാക്കിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോഡ അമേരിക്കയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ്സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന പൊതുപരിപാടിയില്‍ ജനുവരി 11 വെള്ളിയാഴ്ചയാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.rginuae.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം സൗജന്യമായിരിക്കും. 25,000 പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ രാഹുലിന്റെ പ്രഭാഷണം ശ്രവിക്കാന്‍ സ്ഥലസൗകര്യമുണ്ടാവുക. വൈകുന്നേരം നാല് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

പ്രവാസികള്‍ കൂടി വോട്ട് ചെയ്യുന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ രാഹുലിന്റെ സന്ദര്‍ശനം വന്‍ വിജയമാക്കി മാറ്റാന്‍ വിപുലമായ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. വിവിധയിടങ്ങളില്‍ നിന്ന് ആളുകളെ ദുബായ്  ക്രിക്കറ്റ്സ്റ്റേഡിയത്തില്‍ എത്തിക്കാന്‍ ആയിരത്തോളം ബസുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 70ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ദുബായിലെ ഇന്ത്യന്‍ ബിസിനസ് സമൂഹവുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.