മുനിസിപ്പാലിറ്റിയില്‍ മൃതദേഹങ്ങള്‍ സംസ്‍കരിക്കാനായി കുഴിയെടുക്കുന്നവര്‍, മെസഞ്ചര്‍മാര്‍, മൃതദേഹം കൊണ്ടുപോകുന്ന വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ തുടങ്ങിയ തസ്‍തികകളില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ തയ്യാറാവുന്നില്ല. 

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് 329 പ്രവാസികള്‍ മാത്രമെന്ന് മുനിസിപ്പല്‍കാര്യ സഹമന്ത്രി അബ്‍ദുല്‍ അസീസ് അല്‍ മൊജെല്‍ പറഞ്ഞു. ഇവയില്‍ 124 തസ്‍തികകളും സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ച ശേഷം ഉപേക്ഷിച്ചവയാണെന്നും അധികൃതരെ ഉദ്ധരിച്ച് കുവൈത്തി മാധ്യമമായ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മുനിസിപ്പാലിറ്റിയില്‍ മൃതദേഹങ്ങള്‍ സംസ്‍കരിക്കാനായി കുഴിയെടുക്കുന്നവര്‍, മെസഞ്ചര്‍മാര്‍, മൃതദേഹം കൊണ്ടുപോകുന്ന വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ തുടങ്ങിയ തസ്‍തികകളില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ തയ്യാറാവുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം തസ്‍തികകളില്‍ സ്വദേശിവത്കരണം ബുദ്ധിമുട്ടാണെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് നിര്‍ദേശിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തിറക്കിയ സര്‍ക്കുലറുകളിലെ നിര്‍ദേശങ്ങള്‍ തങ്ങള്‍ കര്‍ശനമായി പിന്തുടരുന്നുണ്ടെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

സര്‍ക്കാര്‍ ജോലികളുടെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് കുവൈത്ത് മുനിസിപ്പാലിറ്റി മന്ത്രാലയം അധികൃതര്‍. സിവില്‍ സര്‍വീസ് കമ്മീഷന്‍ നിശ്ചയിച്ച സ്വദേശിവത്കരണ നിരക്ക് പാലിക്കാന്‍ വേണ്ടി പ്രവാസി ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ഇതിനായി മുനിസിപ്പാലിറ്റിയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ സഹകരണത്തോടെയുള്ള നീക്കങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം കുവൈത്ത് മുനിസിപ്പാലിറ്റിയിലെ നിയമ വിഭാഗം കൺസൾട്ടന്റുമാരുടെ സ്വദേശിവത്കരണം ഒരു വർഷത്തിനുള്ളിൽ 100 ശതമാനത്തിലെത്തുമെന്ന് മുനിസിപ്പൽകാര്യ സഹമന്ത്രി അബ്‍ദുള്‍ അസീസ് അൽ മൊജെൽ അറിയിച്ചിരുന്നു. പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യ അറിയിച്ചത്. മുനിസിപ്പാലിറ്റിയിലെ അഡ്വൈസര്‍മാരുടെ എണ്ണം 127 ആയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ മൂന്ന് പ്രവാസികളുമുണ്ട്. എല്ലാ വിദേശികളുടെയും തൊഴില്‍ കരാറിന്റെ കാലാവധി ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read also: പെട്രോള്‍ ടാങ്കിനടിയില്‍ പ്രത്യേക അറയുണ്ടാക്കി മയക്കുമരുന്ന് കടത്ത്; പ്രവാസി പിടിയില്‍