ഇന്ത്യ-പാക് സംഘർഷം ഉടലെടുക്കുവാനുണ്ടായ സാഹചര്യങ്ങളും തുടർന്ന് നടത്തിയ ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും കൂടികാഴ്ചയിൽ കുവൈത്ത് സർക്കാർ പ്രതിനിധികളോട് ഇന്ത്യൻ സംഘം വിശദീകരിക്കും.
കുവൈത്ത് സിറ്റി: ഭീകരതയ്ക്കെതിരെയുള്ള നിലപാട് വ്യക്തമാക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിൽ. സംഘത്തിന് ഊഷ്മള സ്വീകരണമാണ് ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈകയും, എംബസി പ്രതിനിധികളും ചേർന്ന് നൽകിയത്. വരും ദിവസങ്ങളിൽ കുവൈത്തിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിലെ മുതിർന്ന നേതാക്കളുമായി സംഘം കൂടികാഴ്ച നടത്തും. ഇന്ത്യ-പാക് സംഘർഷം ഉടലെടുക്കുവാനുണ്ടായ സാഹചര്യങ്ങളും തുടർന്ന് നടത്തിയ ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും കൂടികാഴ്ചയിൽ കുവൈത്ത് സർക്കാരിന്റെ പ്രതിനിധികളോട് സംഘം വിശദീകരിക്കും.
പാർലമെന്‍റ് അംഗം ബൈജയന്ത് ജയ് പാണ്ടയുടെ നേതൃത്വത്തിൽ നിലവിലെ പാർലമെന്റ് അംഗങ്ങളും മുൻ കേന്ദ്രമന്ത്രിയും മുൻ വിദേശകാര്യ സെക്രട്ടറിയും ഉൾപ്പെടുന്ന ഇന്ത്യൻ സർവ്വകക്ഷി പ്രതിനിധി സംഘം മെയ് 26 മുതൽ 27 വരെയാണ് കുവൈത്തിലുണ്ടാവുക. ബൈജയന്ത് ജയ് പാണ്ടയെ കൂടാതെ ലോക്സഭാ എംപി നിഷികാന്ത് ദുബൈ, രാജ്യസഭാ എംപി എസ് ഫാങ്‌നോൺ കോന്യാക്, ദേശീയ വനിതാ കമ്മീഷൻ മുൻ അധ്യക്ഷ രേഖ ശർമ്മ, ലോക്സഭ എംപി അസദുദ്ദീൻ ഒവൈസി, മുൻ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ് തുടങ്ങിയവരും സംഘത്തിലുണ്ട്. പ്രതിനിധി സംഘം കുവൈത്ത് സർക്കാരിലെ ഉന്നതരുമായും, സിവിൽ സൊസൈറ്റിയിലെ പ്രമുഖരുമായും, സ്വാധീനമുള്ള വ്യക്തികളുമായും മാധ്യമങ്ങളുമായും ഇന്ത്യൻ പ്രവാസികളുമായും കൂടിക്കാഴ്ച നടത്തും.


