റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഒമാനിലെ ഇന്ത്യൻ എംബസി. എംബസിയിൽ ദേശീയ പതാക ഉയർത്തി. ഇന്ത്യൻ സ്കൂൾ മസ്കത്തിലെ വിദ്യാർഥികൾ ദേശീയഗാനം ആലപിച്ചു. ഇന്ത്യൻ രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽനിന്നുള്ള ഭാഗങ്ങൾ ചാർജ് ഡി അഫയേഴ്‌സ് വായിച്ചു.
മസ്കറ്റ്: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഒമാനിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് താവിഷി ബഹാൽ പാണ്ഡേ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഒമാനിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും ഇന്ത്യയുടെ സുഹൃത്തുക്കളും ഉൾപ്പെടെ വലിയ ജനപങ്കാളിത്തമാണ് ചടങ്ങിൽ ഉണ്ടായത്. എംബസിയിൽ ദേശീയ പതാക ഉയർത്തി. ഇന്ത്യൻ സ്കൂൾ മസ്കത്തിലെ വിദ്യാർഥികൾ ദേശീയഗാനം ആലപിച്ചു. ഇന്ത്യൻ രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽനിന്നുള്ള ഭാഗങ്ങൾ ചാർജ് ഡി അഫയേഴ്‌സ് വായിച്ചു.
ഇന്ത്യയുടെ പുരോഗതിയും ജനാധിപത്യ മൂല്യങ്ങളും ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളുമാണ് രാഷ്ട്രപതിയുടെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞത്. ഇന്ത്യൻ നാവികസേനയുടെ പൈതൃക കപ്പലായ ഐ.എൻ.എസ്.വി കൗണ്ടിന്യ പോർബന്ദറിൽ നിന്ന് മസ്കറ്റിലേക്കുള്ള ആദ്യ യാത്ര വിജയകരമായി പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ, കപ്പലിന്റെ കമാൻഡർമാരായ വൈ. ഹെമന്തും വികാസ് ഷിയോരനും ചടങ്ങിൽ സാന്നിധ്യമറിയിച്ചു. നാവിക ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആഘോഷ പരിപാടികളില്‍ ഉണ്ടായിരുന്നു. ഇന്ത്യൻ സ്‌കൂൾ മസ്കറ്റിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് വർണാഭമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇന്ത്യയുടെ ഐക്യവും വൈവിധ്യവും ഓർമ്മിപ്പിക്കുന്ന ചടങ്ങുകളാണ് മസ്കറ്റിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ചത്.


