ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയാണ് സംഘത്തെ നയിക്കുന്നത്. നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘത്തിന്‍റെ മൂന്നാമത്തെ രാജ്യമാണ് സൗദി അറേബ്യ.

റിയാദ്: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ദൂറിനെയും ഭീകരതക്കെതിരായ ഇന്ത്യൻ നിലപാടിനെയും കുറിച്ച് സൗദി അധികാരികളോട് വിശദീകരിക്കാൻ റിയാദിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘത്തിന്‍റെ ദൗത്യം ഇന്ന് പൂർത്തിയാവും. ഇന്നലെ സൗദി ശൂറ കൗൺസിൽ പ്രതിനിധികളെയും വിദേശകാര്യ സഹമന്ത്രിയെയും കണ്ടു ചർച്ച നടത്തി. അതിർത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ നിലപാടിനെയും ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനത്തെയും കുറിച്ച് വിശദീകരിച്ച സംഘം സൗദിയുടെ ഭീകരവാദ വിരുദ്ധ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രി കുവൈത്തിൽ നിന്നെത്തിയ സംഘത്തെ നയിക്കുന്നത് ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയാണ്. അസുഖത്തെ തുടർന്ന് ഗുലാം നബി ആസാദ് സംഘത്തിൽ നിന്നൊഴിവായിട്ടുണ്ട്. കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. ചൊവ്വാഴ്ച വൈകീട്ട് റിയാദിലെത്തിയ ഏഴംഗ സംഘത്തെ കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽ ശൂറ കൗൺസിലിലെ സൗദി-ഇന്ത്യ സൗഹൃദസമിതി അധ്യക്ഷൻ മേജർ ജനറൽ അബ്ദുൽ റഹ്മാൻ അൽ ഹർബിയും ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജും ചേർന്നാണ് വരവേറ്റത്. ബുധനാഴ്ച രാവിലെ ഇന്ത്യൻ എംബസിയിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ സംഘം ഔദ്യോഗിക ദൗത്യ നിർവഹണത്തിലേക്ക് കടന്നു. രാവിലെ ഇന്ത്യാ ഹൗസിൽ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് സൗദി സർക്കാർ തലത്തിലെ ഉന്നതരും ചിന്തകരും സാംസ്കാരിക പ്രമുഖരും ബിസിനസുകാരുമായൊക്കെയുള്ള കൂടിക്കാഴ്ചകളിലേക്ക് നീങ്ങി.

സൗദി ശൂറ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. മിഷാൽ അൽ സുലമി, സൗദി-ഇന്ത്യ സൗഹൃദ സമിതി ചെയർമാൻ മേജർ ജനറൽ അബ്ദുൽ റഹ്മാൻ അൽ ഹർബി എന്നിവരുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച. ഉച്ചക്ക് ശേഷം സൗദി വിദേശകാര്യ സഹമന്ത്രിയും ഐക്യരാഷ്ട്ര സഭ കാലാവസ്ഥകാര്യ സ്ഥിരം സമിതിയിലെ സൗദി പ്രതിനിധിയുമായ ആദിൽ അൽ ജുബൈറുമായിട്ടായിരുന്നു കൂടിക്കാഴ്ച. അതുകൊണ്ട് തന്നെ ഇൗ കൂടിക്കാഴ്ചക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ഭീകരതയ്‌ക്കെതിരെ ഒരുമിച്ചുള്ള നീക്കം ശക്തമാക്കുന്നതടക്കം ഉഭയകക്ഷി താൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ഭീകരതയോട് ഒരു വീട്ടുവീഴ്ചയുമില്ലെന്ന് ഇരുകൂട്ടരും ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. വ്യാഴാഴ്ചയും ഇത്തരം കൂടിക്കാഴ്ചകളും ചർച്ചകളും തുടരും. ഉച്ചക്ക് ശേഷം മൂന്ന് മുതൽ 4.30 വരെ ഇന്ത്യൻ എംബസിയിലെ മൾട്ടിപർപ്പസ് ഹാളിൽ നടക്കുന്ന പ്രവാസി ഇന്ത്യൻ പ്രതിനിധികളും മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടിയോടെ സൗദിയിലെ ദൗത്യം പൂർത്തിയാകും. നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘത്തിെൻറ മൂന്നാമത്തെ രാജ്യമാണ് സൗദി അറേബ്യ. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി ബഹ്‌റൈനിലായിരുന്നു തുടക്കം. ഞായർ, തിങ്കൾ ദിവസങ്ങളിൽ കുവൈത്തിലെ ദൗത്യവും പൂർത്തിയാക്കിയാണ് സൗദിയിലെത്തിയത്. 

കുവൈത്ത് വരെ സംഘത്തിൽ ഗുലാം നബി ആസാദുണ്ടായിരുന്നു. അവിടെ അസുഖബാധിതനായ അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അദ്ദേഹമില്ലാതെ ബാക്കി ഏഴുപേരടങ്ങുന്ന സംഘമാണ് റിയാദിലെത്തിയിരിക്കുന്നത്. ഇന്ത്യൻ പാർലമെൻറിലെ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മിറ്റി ചെയർമാൻ ഡോ. നിഷികാന്ത് ദുബെ എം.പി (ബി.ജെ.പി), ദേശീയ വനിതാ കമീഷൻ മുൻ ചെയർപേഴ്സൺമാരും രാജ്യസഭ അംഗങ്ങളുമായ ഫാങ്‌നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), ചാൻഢിഗഡ് യൂനിവേഴ്സിറ്റി സ്ഥാപക വൈസ് ചാൻസ്ലറും രാജ്യസഭ അംഗവുമായ സത്നാം സിങ് സന്ധു എം.പി, മുൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായിലൻഡ് എന്നിവിടങ്ങളിലെ മുൻ ഇന്ത്യൻ അംബാസഡറുമായ ഹർഷ വർദ്ധൻ ശൃംഗള എന്നിവരാണ് സംഘത്തിലുള്ളത്. റിയാദിലെ ദൗത്യം പൂർത്തിയാക്കി സംഘം വെള്ളിയാഴ്ച യുഎഇയിലേക്ക് പുറപ്പെടും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം