10 ലക്ഷം കുവൈത്ത് ദിനാര്‍ വിലവരുന്ന മദ്യമാണ് പിടികൂടിയത്. ഈദ് അവധിക്ക് മുമ്പ് മദ്യ ഇടപാടുകാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണിത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചെറിയ പെരുന്നാളിന് മുമ്പ് വന്‍ മദ്യവേട്ട. 14,720 മദ്യക്കുപ്പികള്‍ കുവൈത്ത് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ഗള്‍ഫ് രാജ്യത്ത് നിന്ന് വീട്ടുപകരണങ്ങള്‍ കൊണ്ടുവരുന്ന കണ്ടെയ്‌നറില്‍ ഒളിപ്പിച്ചാണ് മദ്യം പിടിച്ചെടുത്തത്.

കുവൈത്തിലെ അല്‍ ശുവൈഖ് തുറമുഖത്തെത്തിയ കണ്ടെയനര്‍ കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. 10 ലക്ഷം കുവൈത്ത് ദിനാര്‍ വിലവരുന്ന മദ്യമാണ് പിടികൂടിയത്. ഈദ് അവധിക്ക് മുമ്പ് മദ്യ ഇടപാടുകാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണിത്.

കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കി കുവൈത്ത്; മാസ്‍ക് രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം

കുവൈത്ത് സിറ്റി: അവശേഷിക്കുന്ന കൊവിഡ് നിയന്ത്രണങ്ങളും നീക്കി കുവൈത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. രാജ്യത്ത് കൊവിഡ് രോഗബാധ ഏതാണ്ട് പൂര്‍ണമായി നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്.

അടച്ചിട്ട സ്ഥലങ്ങളിലും തുറസായ സ്ഥലങ്ങളിലും മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ രോഗലക്ഷണങ്ങളുള്ളവര്‍ മാസ്‍ക് ധരിക്കണം. അടച്ചിട്ട സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശന അനുമതിയുണ്ടാവും. ഇതിന് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധനയില്ല. പിസിആര്‍ പരിശോധനയും ആവശ്യമില്ല. വാക്സിനെടുക്കാത്തവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും പ്രവേശിക്കാന്‍ പി.സി.ആര്‍ പരിശോധന വേണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു.

കൊവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് വാക്സിന്‍ എടുത്തിട്ടില്ലെങ്കില്‍ പോലും ക്വാറന്റീന്‍ ആവശ്യമില്ല. സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ രോഗിയുമായി അവസാനം സമ്പര്‍ക്കമുണ്ടായ ദിവസം മുതല്‍ 14 ദിവസത്തേക്ക് മാസ്‍ക് ധരിക്കണം. ഈ 14 ദിവസത്തിനിടെ രോഗലക്ഷണങ്ങളുണ്ടായാല്‍ പി.സി.ആര്‍ പരിശോധന നടത്തണമെന്നുമാണ് പുതിയ നിര്‍ദേശം.

രോഗം സ്ഥിരീകരിച്ചവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഉപേക്ഷിച്ച് വീട്ടില്‍ അഞ്ച് ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് വാക്സിന്‍ എടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും പിസിആര്‍ പരിശോധനയോ ക്വാറന്റീനോ ആവശ്യമില്ല. കായിക പ്രേമികള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കും. ഇവിടെയും വാക്സിനേഷന്‍ നില പരിഗണിക്കില്ല. ഷ്ലോനിക് മൊബൈല്‍ ആപ്ലിക്കേഷന്റെ ഉപയോഗം പോസിറ്റീവ് കേസുകളുടെ ഫോളോ അപ്പിന് മാത്രമാക്കി ചുരുക്കും.

ആരാധനാലയങ്ങളില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്ക് ധരിക്കുകയും അവരവര്‍ക്ക് ആവശ്യമായ വിരിപ്പ് സ്വന്തമായി കൊണ്ടുവരികയും വേണം. മറ്റ് ശ്വാസകോശ രോഗങ്ങളുള്ളവര്‍ ആരാധനാലയങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. പുതിയ ഇളവുകള്‍ മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് നേരത്തെ പുറത്തിറക്കിയ വിവിധ ഉത്തരവുകള്‍ റദ്ദാക്കിയതായും അറിയിച്ചിട്ടുണ്ട്.