മെട്രോയെ കൂടുതൽ ജനകീയമാക്കിയത് 2022 ഫിഫ ലോകകപ്പ് ഫുട്ബോളാണ്.
ദോഹ: പൊതു ഗതാഗതത്തിൽ ഖത്തറിന്റെ നാഴികക്കല്ലായ ദോഹ മെട്രോ അത്യപൂർവ നേട്ടവുമായി കുതിപ്പ് തുടരുന്നു. സർവിസ് ആരംഭിച്ച് ആറു വർഷം പിന്നിടുമ്പോൾ ദോഹ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 22.84 കോടി കടന്നു. കഴിഞ്ഞ ഒരു വർഷം മാത്രം മെട്രോയിൽ സഞ്ചരിച്ചത് 2.84 കോടി യാത്രക്കാരാണ്.
ഖത്തറിൽ യാത്രക്കാർക്ക് മെട്രോയോടുള്ള പ്രിയമാണ് ഇത് സൂചിപ്പിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തിന്റെ ഏറ്റവും പ്രധാന പൊതുഗതാഗത സംവിധാനമായി ദോഹ മെട്രോയെ ജനങ്ങൾ ഏറ്റെടുത്തതിന്റെ അടയാളമാണ് റെക്കോഡ് യാത്രക്കാരുടെ എണ്ണം. 2019 മേയ് മാസത്തിലാണ് ദോഹ മെട്രോ സേവനം ആരംഭിച്ചത്. 2023 ജനുവരിയിൽ പത്ത് കോടി യാത്രക്കാർ എന്ന റെക്കോഡിലെത്തി. മൂന്നര വർഷം കൊണ്ടായിരുന്നു ഈ നേട്ടമെങ്കിൽ അടുത്ത പത്ത് കോടി യാത്രക്കാരെന്ന നേട്ടത്തിലെത്താൽ എടുത്ത സമയം രണ്ട് വർഷത്തിൽ താഴെയാണ്.
2022 ഫിഫ ലോകകപ്പ് ഫുട്ബോളാണ് മെട്രോയെ കൂടുതൽ ജനകീയമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആരാധകർ യാത്രക്ക് പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത് മെട്രോ സർവീസ് ആയിരുന്നു. ലോകകപ്പ് ഫുട്ബാളിനോടൊപ്പം ഖത്തർ ആതിഥേയത്വം വഹിച്ച ഏഷ്യൻ കപ്പ് ഉൾപ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര കായിക മത്സരങ്ങൾ, വിവിധ രാജ്യന്തര സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും, പെരുന്നാൾ ആഘോഷങ്ങളും ഉൾപ്പെടെ ജനങ്ങൾ ഒഴുകിയെത്തിയപ്പോഴെല്ലാം ഗതാഗത തിരക്ക് ഒഴിവാക്കാൻ ഏറെപേരും യാത്രയ്ക്കായി ദോഹ മെട്രോ ഉപയോഗപ്പെടുത്തി.
മൂന്നു ലൈനുകളിലായി 37 സ്റ്റേഷനുകളുള്ള ദോഹ മെട്രോ ഖത്തറിലെ പ്രധാന നഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നു. മെട്രോ സ്റ്റേഷനുകളിൽ നിന്നും ഏതാനും കിലോമീറ്റർ ചുറ്റളവിലുള്ള ഉൾപ്രദേശങ്ങളിലേയും ജനവാസ മേഖലകളിലേയും യാത്രക്കാരെ ബന്ധിപ്പിക്കുന്നതിനായി ഖത്തർ റെയിൽ സൗജന്യമായി ഒരുക്കിയ ബസ് സർവീസ് ശൃംഖലയായ മെട്രോ ലിങ്കും, മെട്രോ എക്സ്പ്രസ് സർവീസുകളും ദോഹ മെട്രോയെ ജനകീയ പൊതുഗതാഗതമാക്കി മാറ്റുന്നു.
അപകടങ്ങകളോ, തടസ്സങ്ങളോ ഇല്ലാതെ തുടർച്ചയായ സേവന വർഷങ്ങൾ എന്ന റെക്കോഡും ദോഹ മെട്രോക്ക് സ്വന്തമാണ്. 99.84 ശതമാനം കൃത്യനിഷ്ഠതയുള്ള ദോഹ മെട്രോയുടെ അപകട സാധ്യതാ നിരക്ക് 0.01 ശതമാനമായാണ് കണക്കാക്കുന്നത്. ഇത് രാജ്യത്ത് മെട്രോ സർവീസിന്റെ വിശ്വാസ്യതയും സ്വീകാര്യതയുമെല്ലാം വർധിച്ചുവരുന്നതിന് കാരണമാണ്.


