2021 മാര്‍ച്ച് അവസാനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ പകുതി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് യുഎഇ അധികൃതര്‍ ലക്ഷ്യമിടുന്നത്.

അബുദാബി: യുഎഇയില്‍ ജനസംഖ്യയുടെ 40 ശതമാനത്തിലധികം പേരും ഇതിനോടകം കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി അധികൃതര്‍ ചൊവ്വാഴ്‍ച അറിയിച്ചു. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ പകുതിയോളം പേര്‍ക്കും ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞു.

പ്രായമായവരില്‍ 48.6 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കാന്‍ സാധിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹുസനി അറിയിച്ചു. ഇത് വലിയ നേട്ടമാണെന്നും സമൂഹത്തിന് രോഗപ്രതിരോധ ശേഷി ആര്‍ജിക്കാന്‍ സഹായകമാവുമെന്നും അവര്‍ പറഞ്ഞു. 2021 മാര്‍ച്ച് അവസാനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ പകുതി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് യുഎഇ അധികൃതര്‍ ലക്ഷ്യമിടുന്നത്.

കൂടുതല്‍ പേരിലേക്ക് വാക്സിന്‍ എത്തിക്കുന്നതോടെ രോഗബാധിതരുടെ എണ്ണം കുറയ്‍ക്കുകയും രോഗം കാരണമുള്ള ഗുരുതരാവസ്ഥ തടയുകയും ചെയ്യാനാവുമെന്ന് ഡോ. ഫരീദ പറഞ്ഞു. പ്രായമായവര്‍, മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍, ഭിന്ന ശേഷിക്കാന്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടായിരിക്കും വാക്സിനേഷന്‍ ക്യാമ്പയിന്‍ തുടരുന്നത്.