ശൈഖ് ഹംദാൻ തുടക്കമിട്ട ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്‍റെ ഭാഗമായ ദുബൈ റണ്ണിന്‍റെ ഏഴാമത് എഡിഷനാണ് ഈ വർഷം നടന്നത്. കമ്മ്യൂണിറ്റിയെ ഒരുമിപ്പിക്കാനും നഗരത്തിലെ എല്ലാവരുടെയും ഫിറ്റ്‌നസ് നിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് ഈ ചലഞ്ച് ആരംഭിച്ചത്.
ദുബൈ: ഈ വർഷത്തെ ദുബായ് റണ്ണിൽ പങ്കെടുത്തത് മൂന്ന് ലക്ഷത്തിലേറെ ആളുകള്‍. ദുബൈ ശൈഖ് സായിദ് റോഡ് കഴിഞ്ഞ ദിവസം അക്ഷരാത്ഥത്തിൽ ജനസാഗരമായി മാറി. ദുബൈ റണ്ണിൽ 3.07 ലക്ഷം പേർ പങ്കെടുത്തതായി ദുബൈ കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും, ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.
പരിപാടിയുടെ വിവിധ കോണുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ശൈഖ് സായിദ് റോഡിൽ നിറഞ്ഞു കവിഞ്ഞ ഓട്ടക്കാർ, ആകാശത്ത് പാരാച്യൂട്ടിൽ ഒഴുകി നടക്കുന്ന യുഎഇ പതാകകൾ, കാറ്റിൽ പാറിക്കളിക്കുന്ന പതാകകൾ എന്നിവ വീഡിയോയിൽ കാണാം. 'ദുബായ് റണ്ണിൽ പങ്കെടുത്ത 3,07,000 ഓട്ടക്കാർക്ക് വലിയ നന്ദി. ദുബൈ പ്രചോദനം നൽകുന്നത് ഒരിക്കലും നിർത്തുന്നില്ല' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.
ശൈഖ് ഹംദാൻ തുടക്കമിട്ട ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്‍റെ ഭാഗമായ ദുബൈ റണ്ണിന്‍റെ ഏഴാമത് എഡിഷനാണ് ഈ വർഷം നടന്നത്. കമ്മ്യൂണിറ്റിയെ ഒരുമിപ്പിക്കാനും നഗരത്തിലെ എല്ലാവരുടെയും ഫിറ്റ്‌നസ് നിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് ഈ ചലഞ്ച് ആരംഭിച്ചത്. 30 ദിവസത്തെ ദുബൈ ഫിറ്റ്നസ് ചലഞ്ചിൽ നിരവധി ക്ലാസുകളും മത്സരങ്ങളും നടക്കുന്നുണ്ട്.
തുടർച്ചയായ 30 ദിവസത്തേക്ക് ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്ത് ഒരു നല്ല ശീലം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ ചലഞ്ചിന്‍റെ പ്രധാന ആശയം. നവംബർ 23 ന് രാവിലെ 6.30 മുതൽ റോഡുകൾ അടച്ചതിന് ശേഷമാണ് ദുബൈ റൺ നടന്നത്. ദുബൈ ഫിറ്റ്‌നസ് ചലഞ്ച് ഈ മാസം അവസാനം വരെ തുടരും. 5, 10 കിലോമീറ്റർ എന്നിങ്ങനെ 2 വിഭാഗങ്ങളിലായിരുന്നു കൂട്ടയോട്ടം. വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നത്. ജനങ്ങൾക്ക് എത്തിച്ചേരാനായി ദുബൈ മെട്രൊ പുലർച്ചെ 3ന് തന്നെ സർവീസ് തുടങ്ങിയിരുന്നു.


