സ്വദേശികളെ നിയമിക്കുന്നതിന് യുഎഇ സര്‍ക്കാര്‍ സഹായം നല്‍കുന്ന നാഫിസ് പദ്ധതി പ്രകാരം 296 സ്വദേശികളെ ഈ കമ്പനി ട്രെയിനികളായി നിയമിച്ചു. ഇവര്‍ക്ക് ഇ-കൊമേഴ്സ്, കൊമേഴ്‍സ്യല്‍ ലിറ്റിഗേഷന്‍ എന്നീ മേഖലകളില്‍ പരിശീലനം നല്‍കാനെന്ന പേരില്‍ കമ്പനി നാഫിസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‍തു.

അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണ നടപടികളില്‍ കൃത്രിമം കാണിച്ചതിന് സ്വകാര്യ കമ്പനി ഉടമയും മാനേജറും ജയിലിലായി. രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷന്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് നടപടി. 296 സ്വദേശികളുടെ പേരില്‍ കമ്പനി കൃത്രിമം കാണിച്ചുവെന്നും പണം തട്ടിയെന്നുമാണ് കണ്ടെത്തിയത്.

സ്വദേശികളെ നിയമിക്കുന്നതിന് യുഎഇ സര്‍ക്കാര്‍ സഹായം നല്‍കുന്ന നാഫിസ് പദ്ധതി പ്രകാരം 296 സ്വദേശികളെ ഈ കമ്പനി ട്രെയിനികളായി നിയമിച്ചു. ഇവര്‍ക്ക് ഇ-കൊമേഴ്സ്, കൊമേഴ്‍സ്യല്‍ ലിറ്റിഗേഷന്‍ എന്നീ മേഖലകളില്‍ പരിശീലനം നല്‍കാനെന്ന പേരില്‍ കമ്പനി നാഫിസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‍തു. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന പണത്തില്‍ നിശ്ചിത തുക ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് കമ്പനി നിര്‍ദേശിച്ചു. ചില ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇത് ചെലവഴിക്കുകയെന്നായിരുന്നു കമ്പനി പറഞ്ഞത്. എന്നാല്‍ പണം നല്‍കാത്തവരെ പരിശീലനത്തിന്റെ മൂല്യനിര്‍ണയത്തില്‍ പരാജയപ്പെടുത്തുമെന്നും കമ്പനി അധികൃതര്‍ ഭീഷണിപ്പെടുത്തി.

യുഎഇയിലെ സ്വദേശികളുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കാനും രാജ്യത്തെ സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലുകള്‍ ചെയ്യാന്‍ അവരെ പ്രാപ്‍തമാക്കാനും ലക്ഷ്യമിട്ടാണ് യുഎഇ സര്‍ക്കാര്‍ നാഫിസ് എന്ന പേരില്‍ പ്രത്യേക നടപ്പാക്കിയത്. സ്വകാര്യ കമ്പനികള്‍ക്ക് നാഫിസ് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്‍ത് അക്കൗണ്ട് സൃഷ്ടിച്ച ശേഷം സ്വദേശികള്‍ക്ക് ഇനിയോജ്യമായ തൊഴില്‍ അവസരങ്ങളും പരിശീലന സാധ്യതകളും പോസ്റ്റ് ചെയ്യാം. ഇതിലൂടെ സ്വദേശി ജീവനക്കാരെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കാം. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ധനസഹായം ഉള്‍പ്പെടെ നല്‍കും. യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.

ഈ വര്‍ഷം സ്വകാര്യ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനം സ്വദേശിവത്കരണം നിര്‍ബന്ധമാക്കിയതോടെ ചില സ്ഥാപനങ്ങള്‍ ഇതില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചത് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം ഇത്തരത്തിലുള്ള 20 സ്ഥാപനങ്ങളെ കണ്ടെത്തിയിരുന്നു. കൃത്രിമം കാണിക്കുന്ന ഓരോ സ്വദേശി ജീവനക്കാരന്റെയും പേരില്‍ ഇരുപതിനായിരം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. ഇതിന് പുറമെ നാഫിസ് പദ്ധതി വഴി ലഭിച്ച ധനസഹായം നിര്‍ത്തലാക്കുകയും അതുവരെ നല്‍കിയവ തിരിച്ചെടുക്കുകയും ചെയ്യും.

Read also: യുഎഇയിലെ സ്വദേശിവത്കരണ നിരക്ക് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 400 കോടി ദിര്‍ഹം പിഴ ചുമത്തി