Asianet News MalayalamAsianet News Malayalam

ജയിലില്‍ പോകാന്‍ വേണ്ടി കൊലപാതകം; ദുബായില്‍ ഇന്ത്യക്കാരനെ സുഹൃത്ത് ശ്വാസംമുട്ടിച്ച് കൊന്നു

ഫെബ്രുവരി 26നാണ് കൊലപാതകം നടന്നത്. നാദ് അല്‍ ഹമറിലെ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വെച്ച് ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. ജോലിക്കിടയിലെ ഇടവേള സമയത്ത് ഇന്ത്യക്കാരന്‍ മയങ്ങുന്നതിനിടെ അടുത്ത് ചെന്ന പ്രതി തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. 

Pakistani man strangles Indian to death in Dubai
Author
Dubai - United Arab Emirates, First Published May 3, 2019, 9:58 AM IST

ദുബായ്: ജയിലില്‍ പോകാന്‍ വേണ്ടി സുഹൃത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ദുബായ് പ്രാഥമിക കോടയിയില്‍ വിചാരണ തുടങ്ങി. 27കാരനായ പാകിസ്ഥാന്‍ പൗരനാണ് ഒപ്പം ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ കൊലപ്പെടുത്തിയത്. തനിക്ക് നാട്ടിലേക്ക് തിരിച്ച് പോകേണ്ടെന്നും എന്തെങ്കിലും കുറ്റം ചെയ്ത് ജയിലില്‍ കിടക്കണമെന്നായിരുന്നു ആഗ്രഹമെന്നും പ്രതി പ്രോസിക്യൂഷനോട് പറഞ്ഞു.

ഫെബ്രുവരി 26നാണ് കൊലപാതകം നടന്നത്. നാദ് അല്‍ ഹമറിലെ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വെച്ച് ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. ജോലിക്കിടയിലെ ഇടവേള സമയത്ത് ഇന്ത്യക്കാരന്‍ മയങ്ങുന്നതിനിടെ അടുത്ത് ചെന്ന പ്രതി തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ മുകളില്‍ കയറിയിരുന്ന തോളില്‍ കാല്‍മുട്ട് അമര്‍ത്തി കീഴ്പ്പെടുത്തിയ ശേഷമായിരുന്നു തുണി കൊണ്ട് ശ്വാസം മുട്ടിച്ചത്. രണ്ട് തവണ ശ്വാസം മുട്ടിച്ചാണ് ഇയാള്‍ മരണം ഉറപ്പാക്കിയത്. വിവരം ലഭിച്ചതനുസരിച്ച് അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. 

തനിക്ക് കൊല്ലപ്പെട്ടയാളുമായി യാതൊരു മുന്‍വിരോധവുമുണ്ടായിരുന്നില്ലെന്നും ജയിലില്‍ പോകാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും ഇയാല്‍ പൊലീസിനോട് പറഞ്ഞു. നാട്ടിലേക്ക് ഇനി തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ ചില അശ്ലീല ചിത്രങ്ങള്‍ ഒരാള്‍ പകര്‍ത്തി നാട്ടിലുള്ള സഹോദരന് അയച്ചുകൊടുത്തിരുന്നു. ഇതിന് ശേഷം സഹോദരന്‍ ഫോണില്‍ വിളിച്ച് ദേഷ്യപ്പെട്ടു. ഇതോടെയാണ് ഇനി നാട്ടിലേക്ക് പോകേണ്ടെന്നും ദുബായില്‍ തന്നെ ജയിലില്‍ കിടക്കാമെന്നും തീരുമാനിച്ചതെന്നും ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

കൊലപാതകത്തിന് ശേഷവും ഇയാള്‍ക്ക് യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ലെന്നും അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. കേസില്‍ മേയ് 13ന് ദുബായ് കോടതിയില്‍ വിചാരണ തുടങ്ങും.

Follow Us:
Download App:
  • android
  • ios