വാഹനാപകടത്തിൽ മരിച്ച സൗദി പൗരന്റെ കുടുംബത്തിന്​ നഷ്​ടപരിഹാരമായി 28 ലക്ഷം രൂപ (ഒന്നര ലക്ഷം റിയാൽ) കൊടുക്കാനില്ലാതെ രണ്ടര വർഷം സൗദിയിലെ ജയിലിൽ കിടന്ന ഉദയന്​ ഒടുവിൽ രാജകാരുണ്യം തുണയായി. സൗദി അറേബ്യയുടെ ഖജനാവായ ’ബൈത്തുൽ മാലി’ൽ നിന്ന് മോചനദ്രവ്യമായ ഇത്രയും തുക​ അനുവദിച്ചതോടെ പാലക്കാട്​ സദേശി ഉദയന്​ ജയിലിൽ നിന്ന്​ മോചനമായി.

റിയാദിൽ നിന്ന്​ ആയിരം കിലോമീറ്ററകലെ ഖമീസ്​ മുശൈത്തിലെ ജയിലിലായിരുന്നു ഈ യുവാവ്​. ഇവിടെ  മണ്ണുമാന്തി യന്ത്രത്തിന്റെ  ഓപ്പറേറ്ററായി ജോലി ചെയ്​തിരുന്ന ഉദയൻ 2014ലാണ്​ കേസിൽ കുടുങ്ങിയത്​. ഇയാൾ ഓടിച്ച മണ്ണുമാന്തി യന്ത്രത്തിൽ വന്നിടിച്ച കാറിലെ ഡ്രൈവറായ സൗദി പൗരൻ തൽക്ഷണം മരിച്ചു. മണ്ണുമാന്തി യന്ത്രം ഒാടിക്കാനുള്ള ലൈസൻസില്ലാതെയായിരുന്നു ഉദയൻ ജോലി ചെയ്​തിരുന്നത്​. അതുകൊണ്ട്​ കേസ്​ അയാൾക്കെതിരെയായി. ഒന്നാം പ്രതിയായി ജയിലിലുമായി.

ലൈസൻസ്​ എടുത്തുകൊടുക്കാത്ത കുറ്റത്തിന്​ ഉദയന്റെ സ്​പോൺസർക്കെതിരെയും കേസുണ്ടായി. നിയമപരമായ രേഖകളൊന്നുമില്ലാതെ ഉദയനെ കൊണ്ട്​ മണ്ണിടിപ്പിച്ച കമ്പനിയും കേസിൽ കുടുങ്ങി. കോടതി മൂവർക്കുമെതിരെ ഒന്നര ലക്ഷം റിയാൽ പിഴ ചുമത്തി. ഈ തുക മരിച്ചയാളുടെ കുടുംബത്തിന്​ കൊടുക്കണം എന്നായിരുന്നു വിധി. ഈ തുക പോരെന്ന്​ പറഞ്ഞ്​ മരിച്ചയാളുടെ കുടുംബം അപ്പീൽ കോടതിയെസമീപിച്ചു. മൂന്ന്​ പ്രതികളുടെയും പേരിൽ ഒന്നര ലക്ഷം റിയാൽ വീതം അപ്പീൽ കോടതി ശിക്ഷ വിധിച്ചു. മൂന്നുപേരും കൂടി നാലര ലക്ഷം റിയാൽ മരിച്ചയാളുടെ കുടുംബത്തിന്​ കൊടുക്കണമെന്നായിരുന്നു വിധി.

ഉദയന്റെ സ്​പോൺസറും ജോലി ചെയ്യിച്ച കമ്പനിയും തങ്ങളുടെ വിഹിതമായ ഒന്നര ലക്ഷം റിയാൽ വീതം കോടതിയിൽ കെട്ടിവെച്ച്​ കേസിൽ നിന്ന്​ രക്ഷപ്പെട്ടു. ഉദയന്റെ പണം കൊടുക്കാൻ സ്​പോൺസർ തയ്യാറായില്ല. ഇതിനിടയിൽ ജാമ്യത്തിലിറങ്ങിയിരുന്ന ഉദയനെ നഷ്​ടപരിഹാരം കൊടുക്കാത്തതിന്റെ പേരിൽ വീണ്ടും​ ജയിലിൽ അടച്ചു. 2018 ജൂണിലാണ്​ വീണ്ടും ജയിലിലായത്​. ഇയാളുടെ ദയനീയാവസ്​ഥ അറിഞ്ഞ്​ ഖമീസ്​ മുശൈത്തിലെ മലയാളി സംഘടനയായ അസീർ പ്രവാസി സംഘം പ്രവർത്തകർ മോചനശ്രമം നടത്തുകയും മരിച്ചയാളുടെ കുടുംബത്തെ കണ്ട്​ തുക കുറയ്​ക്കാൻ അഭ്യർഥിക്കുകയും ചെയ്​തു. അവർ തുക കുറയ്​ക്കാൻ തയ്യാറായി. അതുകഴിച്ചുള്ള ബാക്കി തുക കണ്ടെത്താൻ ഉദയന്റെ സുഹൃത്തുക്കളും വിവിധ മലയാളി സംഘടനകളും രംഗത്തിറങ്ങി സ്വരൂപിച്ച തുക പ്രവാസി സംഘത്തെ ഏൽപിച്ചു.

ഈ തുക കോടതിയിൽ കെട്ടിവെയ്​ക്കാനൊരുങ്ങുമ്പോഴാണ്​ ഒന്നര ലക്ഷം റിയാൽ ബൈത്തുൽ മാലിൽ നിന്ന്​ അനുവദിച്ചുകൊണ്ട്​ സർക്കാരി​നെ്ൻറെ ഉത്തരവ് വന്നത്​. പണം കോടതിയിലെത്തുകയും ഉദയന്​ മോചനം കിട്ടുകയും ചെയ്​തു. പൊതുജനങ്ങളിൽ നിന്ന്​ പിരിച്ച പണം അതാത്​ ആളുകൾക്കും കൂട്ടായ്​മകൾക്കും തിരിച്ചുനൽകുമെന്ന്​ പ്രവാസി സംഘം പ്രവർത്തകർ അറിയിച്ചു. എന്നാൽ രണ്ടര വർഷം ജയിലിൽ കിടന്നതിന്റെ​ പേരിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഉദയന്​ പ്രവാസി സംഘം സ്വന്തം നിലയിൽ രണ്ടുലക്ഷം രൂപ കൊടുത്തുസഹായിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.