Asianet News MalayalamAsianet News Malayalam

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ 'ഓപ്പൺ ഫോറങ്ങള്‍' നിർത്തലാക്കിയതിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം

ഒമാനിൽ ഇന്ത്യൻ സ്കൂൾ ബോർഡിന് കീഴിലുള്ള 21  ഇന്ത്യൻ  കമ്യുണിറ്റി സ്കൂളുകളിലായി 46,750 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. രണ്ടായിരത്തോളം അധ്യാപകരും 690ഓളം അനദ്ധ്യാപകരും ജീവനക്കാരും വിവിധ സ്കൂളുകളിൽ ജോലി ചെയ്യുന്നതായി കണക്കുകള്‍ പറയുന്നു. 

Parents express their protest for abolishing open forums in Indian Schools in Oman
Author
First Published Jan 8, 2023, 10:54 PM IST

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പേരന്റ് ഓപ്പൺ ഫോറങ്ങൾ നിർത്തലാക്കിയതിനെതിരെ രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം  ശക്തമാകുന്നു. 2012ൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ സ്കൂൾ ബോർഡിന്റെ കാലം മുതൽ തന്നെ സ്കൂൾ  ബോർഡും, ഒമാനിലെ അതാത് ഇന്ത്യൻ സ്കൂൾ മാനേജ്‍മെന്റ് കമ്മറ്റി അംഗങ്ങളും  രക്ഷിതാക്കളും തമ്മിൽ ആശയ വിനിമയത്തിനുള്ള ഒരു വേദിയായി പേരന്റ് ഓപ്പ ഫോറം നിലവിൽ വന്നിരുന്നു. പിൽക്കാലത്ത് സ്കൂൾ ബോർഡിന്റെ പ്രവർത്തന പരിപാടിയിൽ ഉൾപ്പെടുത്തി വർഷത്തിൽ എല്ലാ സ്കൂളുകളും കുറഞ്ഞത് മൂന്ന് പേരന്റ് ഫോറവും, രണ്ടു ടീച്ചേഴ്‍സ് ഫോറവും നടത്തണമെന്ന തീരുമാനവും എടുത്ത് നടപ്പാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ കുറേ കാലമായി ഓപ്പൺ ഫോറങ്ങൾ നടക്കുന്നില്ല. ഇതിനെതിരെ തിഷേധവുമായി ഇപ്പോൾ രക്ഷകർത്താക്കൾ  രംഗത്തെത്തിയിരിക്കുകയാണ്.

ഒമാനിൽ ഇന്ത്യൻ സ്കൂൾ ബോർഡിന് കീഴിലുള്ള 21  ഇന്ത്യൻ  കമ്യുണിറ്റി സ്കൂളുകളിലായി 46,750 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. രണ്ടായിരത്തോളം അധ്യാപകരും 690ഓളം അനദ്ധ്യാപകരും ജീവനക്കാരും വിവിധ സ്കൂളുകളിൽ ജോലി ചെയ്യുന്നതായി കണക്കുകള്‍ പറയുന്നു. കമ്യൂണിറ്റി സ്കൂൾ സംവിധാനത്തിനുള്ളിലെ ഗുണഭോക്താക്കളും നടത്തിപ്പുകാരുമായ രക്ഷിതാക്കൾ, അദ്ധ്യാപകർ , മാനേജ്‍മെന്റ്  എന്നിവർ തമ്മിൽ നല്ല തോതിലുള്ള ആശയവിനിമയം സാധ്യമാക്കുന്നതിനാണ് 'പേരന്റ്  ഓപ്പൺ ഫോറങ്ങൾ' ഒമാൻ വിദ്യാഭ്യാസ  മന്ത്രാലയം നിർബന്ധമാക്കിയിട്ടുള്ളത്.

മുൻകാലങ്ങളിൽ കൃത്യമായി നടന്നുവന്നിരുന്ന പേരന്റ് ഓപ്പൺ  ഫോറങ്ങൾ സ്കൂളുകളുടെ നടത്തിപ്പിന് നല്ല പങ്കു വഹിക്കുകയും അതിന്റെ ഗുണഫലങ്ങൾ ലഭിക്കുകയും ചെയ്തിട്ടുള്ളത് ഒമാനിലെ ഇന്ത്യൻ സമൂഹത്തിന് പരിചിതമാണ്. എന്നാൽ കുറച്ചു കാലമായി പേരന്റ് ഫോറവും ടീച്ചേഴ്‌സ് ഫോറവും സജീവമായി ഒമാനിലെ ഒരു ഇന്ത്യൻ സ്കൂളുകളിലും നടക്കുന്നില്ല. ഇതിനെതിരെ ദാർസൈറ്റ് ഇന്ത്യൻ സ്കൂളിലെ കുട്ടികളുടെ രക്ഷകര്‍ത്താക്കൾ സ്കൂൾ മാനേജുമെന്റിനെ പരാതി അറിയിച്ചിട്ടും ഫലം ഉണ്ടാകാത്തതു കൊണ്ട് സ്കൂൾ ബോർഡ് ചെയര്‍മാന്  പരാതി  സമർപ്പിച്ചു.

"രക്ഷിതാക്കളുടെ ആശങ്കകൾ അറിയിക്കാനും സ്‌കൂളിന്റെ പൊതുവിലുള്ള പുരോഗതിക്കായി സ്‌കൂൾ ഭരണസമിതിയുമായി  സഹകരിച്ച് പ്രവർത്തിക്കാനും ഓപ്പൺ ഫോറം വിളിച്ചു കൂട്ടണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ സ്കൂൾ ദാർസൈറ്റ് മാനേജ്‍മെന്റ് കമ്മറ്റി  പ്രസിഡന്റിനെ സമീപിച്ചെങ്കിലും പ്രതികരിക്കാൻ പോലും അദ്ദേഹം  കൂട്ടാക്കിയില്ലെന്ന് രക്ഷിതാക്കളുടെ പ്രതിനിധി  മനോജ് പെരിങ്ങത്ത് ആരോപിച്ചു. പലതലണ അഭ്യാര്‍ത്ഥിച്ചിട്ടും പേരന്റ് ഓപ്പൺ ഫോറം വിളിക്കാനോ രക്ഷാകർത്താക്കളുടെ ആശങ്കകൾ കേൾക്കാനോ മാനേജ്‍മെന്റ് കമ്മറ്റി  പ്രസിഡന്റ് തയ്യാറായില്ല. രക്ഷിതാക്കളോട് പേരന്റ് ഫോറത്തിൽ തുറന്ന് സംസാരിക്കാൻ പ്രസിഡന്റും സ്കൂൾ ഭരണസമിതിയും മടിക്കുന്നത് എന്താനാണെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നതെന്നു മനോജ് പറഞ്ഞു.

ഒരു കമ്മ്യൂണിറ്റി സ്കൂളായ ദാർസൈത് ഇന്ത്യൻ സ്കൂളിന്റെ പുരോഗതിക്കായി രക്ഷാകർതൃ സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം വേണം. ഇതുമൂലം മുൻകാലങ്ങളിൽ സ്കൂളിന്റെ നടത്തിപ്പിനുവേണ്ടി ധനസമാഹരണ പരിപാടികൾ സംഘടിപ്പിക്കുന്നതിലും സ്കൂൾ ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലും അർഹരായ രക്ഷിതാക്കൾക്ക് സാമ്പത്തിക  പിന്തുണ നൽകുന്നതിലും ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ടെന്ന്  മറ്റൊരു രക്ഷകര്‍ത്താവായ കെ. സന്ദീപ് പറഞ്ഞു. സ്കൂൾ മാനേജുമെന്റ് സമിതി അംഗങ്ങളെ വ്യക്തിപരമായി നേരിട്ട് കണ്ട്  ആവലാതികളും ആവശ്യങ്ങളും ബോധിപ്പിക്കുന്ന നിലവിൽ ഏർപ്പാടാക്കിയിരിക്കുന്ന സംവിധാനം രക്ഷിതാക്കൾക്ക് സ്കൂളിന് വേണ്ടി സാധ്യമാവുന്ന കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള  അവസരങ്ങൾ നഷ്ടപ്പെടുത്തുകയാണെന്നും സന്ദീപ് വ്യക്തമാക്കി.

കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ നേരെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രതികാരം നടപടികള്‍ ഭയന്ന് ഗൗരവതരവുമായ ആശങ്കകൾ പോലും സ്കൂൾ മാനേജുമെന്റ് സമതി അംഗങ്ങള്‍ക്ക് മുന്നില്‍ നേരിട്ട് അവതരിപ്പിക്കാൻ രക്ഷിതാക്കള്‍ക്ക് സാധിക്കാറില്ലെന്ന് ബോർഡിന് നൽകിയ പരാതിയിൽ പറയുന്നു. സാമൂഹിക  പങ്കാളിത്തം ഉറപ്പാക്കാനും സ്കൂളിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കാനും ഓപ്പൺ ഫോറങ്ങൾ ഒരു പ്രധാന ഘടകമാണെന്നും അതിനാൽ പേരന്റ്  ഫോറങ്ങള്‍ പുനഃരാംഭിക്കണമെന്നും പരാതിയിൽ ആവശ്യപെടുന്നുണ്ട്.
.
സലാലാ  ഉൾപ്പെടെയുള്ള ഒമാനിലെ മറ്റ് ഇന്ത്യൻ കമ്യുണിറ്റി സ്കൂളുകളിലും പേരന്റ് ഓപ്പൺ ഫോറം നടക്കുന്നില്ലെന്ന് അവിടങ്ങളിലെ കുട്ടികളുടെ മാതാപിതാക്കളും പറയുന്നു. അതേസമയം കമ്യൂണിറ്റി സ്കൂൾ സംവിധാനത്തിന് അനിവാര്യമായ ഇത്തരം ഫോറങ്ങൾ മുടക്കമില്ലാത്തതെ നടത്തുന്നതിന് ഇന്ത്യൻ സ്കൂൾ ബോർഡും സ്കൂൾ മാനേജുമെന്റ് കമ്മറ്റി അംഗങ്ങളും,അദ്ധ്യാപകരും  ഒപ്പം രക്ഷിതാക്കളും മുൻകൈയെടുക്കണമെന്ന് മുൻ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിൽ‌സൺ ജോർജ്ജ്  പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios