മസ്‌കറ്റ്: കൊവിഡ് 19 പ്രതിസന്ധിക്കിടെ ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ഫീസ് ആവശ്യപ്പെട്ടു കൊണ്ടുള്ള ഭരണസമിതിയുടെ സമ്മര്‍ദ്ദത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് രക്ഷിതാക്കള്‍. സ്‌കൂള്‍ ബോര്‍ഡിന്റെ  തീരുമാനം പൂര്‍ണമായും പിന്‍വലിക്കുന്നത് വരെ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. ഒമാനിലുള്ള ഇരുപത്തിയൊന്ന് ഇന്ത്യന്‍ സ്‌കൂളുകളുമായി ചര്‍ച്ച ചെയ്ത് കൂടുതല്‍   ആശ്വാസ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

ഒമാനിലെ 21 സ്‌കൂളുകളിലെ ഭരണസമതികളുമായി വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വേണ്ടി വന്നാല്‍ മറ്റ് ആശ്വാസ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോകടര്‍ ബേബി സാം സാമുവേല്‍ വ്യക്തമാക്കി. മെയ് മുതല്‍ ആഗസ്ത്  മാസം വരെയുള്ള കാലയളവില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ട്യൂഷന്‍ ഫീസ് മാത്രമേ ശേഖരിക്കുകയുള്ളൂവെന്നും ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ കൊവിഡ് 19 വൈറസ് പിടിപെട്ടാല്‍ ട്യൂഷന്‍ ഫീസില്‍ 50 ശതമാനം നല്‍കിയാല്‍ മതിയെന്നും ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം കടുപ്പിച്ചതോടുകൂടിയാണ് ഒമാനിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളിലെ  ഭരണസമതികളുമായി ചര്‍ച്ചകള്‍ നടത്തുവാന്‍  ബോര്‍ഡ് തീരുമാനിച്ചത്. എന്നാല്‍ രക്ഷിതാക്കള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സ്‌കൂള്‍ ഫീസ് ഇനത്തില്‍ 75 ശതമാനത്തിലേറെ വരുന്ന ട്യൂഷന്‍ ഫീ അടക്കണമെന്നും തുച്ഛമായ മറ്റു ഫീസുകള്‍ക്കു ഇളവ്  നല്‍കിയുള്ള ഈ  പ്രഖ്യാപനം കബിളിപ്പിക്കുന്നതാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

കൊവിഡ് 19 വൈറസ് വ്യാപനം മൂലം ഒമാനിലെ ഇന്ത്യന്‍  സമൂഹം വളരെ ബുദ്ധിമുട്ടിലൂടെ പോകുന്ന ഈ സഹചര്യത്തില്‍  ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡും അധ്യാപകരും സ്‌കൂളുമായി ബന്ധപെട്ടു നില്‍ക്കുന്ന എല്ലാവരും ചേര്‍ന്ന്  മൂന്നു മാസത്തെയെങ്കിലും ഫീസ് പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ  രക്ഷിതാക്കള്‍ക്ക് കുറച്ചു കൊടുക്കേണ്ട ഒരു സാഹചര്യം വളരെ അനിവാര്യമാണെന്ന് രക്ഷകര്‍ത്താക്കളില്‍ ഒരാളായ ഡോക്ടര്‍ ഷെറിമോന്‍ പി സി ആവശ്യപ്പെട്ടു .

ഇതിനകം കേരളത്തിലെ എംപിമാര്‍ വഴി പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ എത്തിക്കുവാന്‍ രക്ഷിതാക്കള്‍   ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഒമാനിലെ തൊഴില്‍, സാമ്പത്തിക മേഖലകള്‍ സ്തംഭിച്ചു  നില്‍ക്കുന്ന ഈ അവസരത്തില്‍  സ്‌കൂള്‍ ഫീസ് വിഷയത്തില്‍  മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സിയുടെ മൗനം രക്ഷിതാക്കളില്‍ കൂടുതല്‍ ആശങ്കയുളവാക്കുന്നു.

ഒമാനിലെ പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ ഏക ആശ്രയം ഇന്ത്യന്‍  എംബസി മാത്രമാണ്. പ്രതിസന്ധി ഘട്ടത്തില്‍  ന്യായമായ സ്‌കൂള്‍ ഫീസ്  ഇളവ് അനുവദിക്കാത്ത ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരുടെ സമീപനത്തിനെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും ഇന്ത്യന്‍ എംബസ്സിയുടെ ഭാഗത്ത് നിന്നും ഇതുവരെ യാതൊരു വിധത്തിലുമുള്ള പ്രതികരണവും ഉണ്ടായിട്ടില്ലായെന്ന് മറ്റൊരു രക്ഷാകര്‍ത്താവായ ബിനു ജോസഫ് പറഞ്ഞു. മസ്‌കറ്റ്  ഇന്ത്യന്‍ എംബസിയില്‍ നിന്നും മൂന്നു അംഗങ്ങള്‍ ആണ് സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍  ഇല്‍  ഉള്ളത്. 21  ഇന്ത്യന്‍  സ്‌കൂളുകളിലായി 45000ത്തോളം വിദ്യാര്‍ത്ഥികളാണ് ഒമാനില്‍ അധ്യായനം നടത്തി വരുന്നത് .