മസ്‌ക്കറ്റ്: മലങ്കര ഓർത്തഡോക്സ്  സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും ഇടവകയുടെ കാവൽ പിതാവുമായ പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 117-ാം ഓർമ്മപ്പെരുന്നാൾ  മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് മഹാ ഇടവകയിൽ ആചരിച്ചു. പെരുന്നാൾ ശുശ്രുഷകൾക്ക് ഇടവക മെത്രാപ്പോലിത്ത  ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു.

ഭക്തി നിർഭരമായ റാസയിലും വിശുദ്ധ  കുർബ്ബാനയിലും അനേകം വിശ്വാസികൾ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ മൂന്നിന്മേൽ കുർബ്ബാനയ്ക് ശേഷം അക്കാദമിക്ക് തലത്തിലും, സൺഡേ സ്‌കൂളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ  ആദരിച്ചു. മാർ തേവോദോസിയോസ് മെമ്മോറിയൽ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്കുള്ള മെമെന്റോയും, കാഷ് അവാർഡും, ദിവ്യബോധനം പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

നേർച്ച വിളമ്പിനെ   തുടർന്ന് ഇടവകയുടെ 47-ാമത് ഇടവകദിനാചരണത്തിന് തുടക്കം കുറിച്ചു.  ഇടവക വികാരി റവ. ഫാ. പി ഒ മത്തായി അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനി ഉദ്‌ഘാടനം ചെയ്തു. ഇടവക ട്രസ്റ്റി ജോൺ തോമസ് (സാജൻ ) സ്വാഗതം അർപ്പിച്ചു. സഹ വികാരി റവ. ഫാ. ബിജോയ് വർഗീസ്, വെരി. റവ. മത്തായി ഇടയനാൽ കോർ എപ്പിസ്‌കോപ്പ, സഭാ മാനേജിഗ് കമ്മറ്റി അംഗം ഡോ. ഗീവർഗീസ് യോഹന്നാൻ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ ഡോ. സി.തോമസ്, ബോബൻ മാത്യു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

ഇടവക കോ-ട്രസ്റ്റി സാബു ചാണ്ടി, സെക്രട്ടറി പ്രദീപ് വർഗീസ്, കൺവീനേഴ്‌സ് റോഫിൻ കെ. ജോൺ, ജെസ്സി കോശി, റ്റി.ജെ. ജോസഫ്, ബിജു തങ്കച്ചൻ എന്നിവർ പങ്കെടുത്തു. ഉദ്‌ഘാടന ചടങ്ങിനുശേഷം ആദ്യഫല ലേലവും, കുട്ടികളുടെയും വിവിധ ആദ്ധ്യാത്മീക സംഘടനകളുടെയും നേതൃത്വത്തിൽ കലാപരിപാടികളും നടന്നു.