ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഏഷ്യക്കാരന്‍ പിടിയിലായി. ശരീരത്തോട് ചേര്‍ത്ത് ഒട്ടിച്ചുവെച്ച നിലയില്‍ 3.5 കിലോ മയക്കുമരുന്നുമായാണ് ഇയാണ് വ്യാഴാഴ്ച വിമാനത്താവളത്തില്‍ എത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

31 കാരനായ യാത്രക്കാരന്റെ ശരീരത്തില്‍ വയറിന് ചുറ്റും അപ്രതീക്ഷിത വലിപ്പം കണ്ടതോടെയാണ് ഇയാളെ ആദ്യം ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്. സെക്യൂരിറ്റി ഗേറ്റുകള്‍ കടന്നുപോകാന്‍ ശ്രമിച്ച ഇയാളെ ബോഡി ഇന്‍സ്‍പെക്ഷന്‍ റൂമില്‍ കൊണ്ടുപോയി നടത്തിയ പരിശോധനയിലാണ് പ്രത്യേക പായ്ക്കറ്റുകളില്‍ നിറച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. ഇത്തരത്തിലുള്ള എട്ട് പാക്കറ്റുകളാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തശേഷം നടത്തിയ വിശദ പരിശോധനയില്‍ യുഎഇയില്‍ നിരോധിച്ചിട്ടുള്ള കെറ്റമിന്‍ എന്ന മയക്കുമരുന്നാണ് ഇയാള്‍ കൊണ്ടുവന്നിരുന്നതെന്ന് കണ്ടെത്തി. കേസ് വിചാരണയ്ക്കായി ക്രിമിനല്‍ കോടതിയില്‍ സമര്‍പ്പിച്ചു.