തന്‍റെ പേരില്‍ ക്രിമിനല്‍ റെക്കോര്‍ഡുകളില്ലെന്ന യുവാവിന്‍റെ വാദം അംഗീകരിച്ചാണ് നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ഉത്തരവ് റദ്ദാക്കിയത്.

ദുബൈ: ലഗേജില്‍ കഞ്ചാവുമായെത്തിയ യുവാവ് ദുബൈ വിമാനത്താവളത്തില്‍ കയ്യോടെ പിടിയില്‍. കഞ്ചാവും കഞ്ചാവ് ചെടി കട്ട് ചെയ്യാനായി നിര്‍മ്മിച്ച ഉപകരണവുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. 25കാരനായ യൂറോപ്യന്‍ പൗരനാണ് പിടിയിലായത്. 

എയര്‍പോര്‍ട്ട് കസ്റ്റംസ് ആണ് ഇയാളെ പ്രാഥമിക കോടതിയില്‍ ഹാജരാക്കിയത്. യുവാവിന് കോടതി 10,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. പിഴക്ക് പുറമെ ഇയാളെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനും കോടതി ഉത്തരവിട്ടു. ഇതിനെതിരെ പ്രതി ദുബൈ കോടതിയെ സമീപിച്ചു. അപ്പീല്‍ പരിഗണിച്ച കോടതി, പിഴ ശിക്ഷ ശരിവെച്ചെങ്കിലും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ഉത്തരവ് റദ്ദാക്കി. പിഴ ഈടാക്കിയ പ്രാഥമിക കോടതി ഉത്തരവ് ദുബൈ കോടതി ശരിവെച്ചു. തന്‍റെ പേരില്‍ ക്രിമിനല്‍ റെക്കോര്‍ഡുകളില്ലെന്ന യുവാവിന്‍റെ വാദം അംഗീകരിച്ചാണ് നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ഉത്തരവ് റദ്ദാക്കിയത്. യുഎഇയ്ക്ക് പുറത്ത് ഉപയോഗിച്ചിരുന്ന കഞ്ചാവ് യുഎഇയിലേക്കുള്ള യാത്രയില്‍ ലഗേജില്‍ അബദ്ധത്തില്‍ അകപ്പെട്ടതാണെന്നാണ് യുവാവ് പറഞ്ഞത്. 

Read Also -  വന്‍ തീപിടിത്തം; മലയാളികളുടേത് ഉള്‍പ്പെടെ നിരവധി കടകള്‍ കത്തി നശിച്ചു, മണിക്കൂറുകളോളം നിന്ന് കത്തി സീബ് സൂഖ്

ദുബൈയില്‍ വന്നിറങ്ങിയ യുവാവിന്‍റെ ലഗേജില്‍ മരുന്നുകള്‍ സൂക്ഷിച്ച ബോക്സിലാണ് ക്യാപ്സ്യൂള്‍ രൂപത്തില്‍ സൂക്ഷിച്ച ആയുര്‍വേദ ഗുളികകള്‍ കണ്ടെത്തിയത്. കഞ്ചാവ് ചെടി കട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണം കണ്ടതോടെയാണ് എയര്‍പോര്‍ട്ട് കസ്റ്റംസ് വിശദ പരിശോധന നടത്തിയത്. തുടര്‍ന്ന് ഗുളികകള്‍ കണ്ടെത്തുകയും ഫോറന്‍സിക് പരിശോധനയില്‍ ഇത് കഞ്ചാവാണെന്ന് തെളിയുകയായിരുന്നു. ഇയാള്‍ ലഹരി ഉപയോഗിച്ചതായും പരിശോധനയില്‍ വ്യക്തമായി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...