ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാഫിക് മാർഷലുകളായ ബൽരാജ് സിങ്, ആദർശ് ചന്ദ്രൻ എന്നിവരാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്.
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നെഞ്ചുവേദനയെടുത്ത് പിടഞ്ഞ യാത്രക്കാരന് തുണയായി ജീവനക്കാർ. ഇന്ത്യക്കാരായ രണ്ട് ജീവനക്കാരാണ് യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാഫിക് മാർഷലുകളായ ബൽരാജ് സിങ്, ആദർശ് ചന്ദ്രൻ എന്നിവരാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്.
കഴിഞ്ഞ ദിവസം ഏരിയ 3ലെ ടെർമിനൽ 1ൽ എത്തിയ യാത്രക്കാരനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നിരവധി പേർ എത്തിക്കൊണ്ടിരുന്ന ടെർമിനലിൽ ബൽരാജും ആദർശും ജോലി ചെയ്ത് കൊണ്ടിരിക്കെയാണ് ഈ യാത്രക്കാരനെ ശ്രദ്ധയിൽപ്പെടുന്നത്. നടക്കാൻ ബുദ്ധിമുട്ടുന്നതും അസ്വസ്ഥതയുടെ വ്യക്തമായ ലക്ഷണങ്ങളും ഇരുവരും ശ്രദ്ധിച്ചു. എത്രയും പെട്ടെന്ന് തന്നെ ബൽരാജും ആദർശും സഹായിക്കാനായി യാത്രക്കാരന്റെ അടുത്തേക്ക് ഓടുകയായിരുന്നു. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ അയാൾക്ക് ശ്വസിക്കാൻ കഴിയാതെ വരുന്നതായും നെഞ്ചുവേദന അനുഭവപ്പെടുന്നതായും മനസ്സിലാക്കി. സാഹചര്യത്തിന്റെ അടിയന്തിര സ്വഭാവം മനസ്സിലാക്കിയ ബൽരാജ് സിങ് ഉടൻ തന്നെ തന്റെ ടീം ലീഡറെ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. യാത്രക്കാരന്റെ സുരക്ഷയും അയാൾക്കു വേണ്ട എല്ലാ അടിയന്തിര ആവശ്യങ്ങളും ഉറപ്പാക്കാൻ ബൽരാജും ആദർശും മുൻകരുതൽ നടപടികൾ സ്വീകരിച്ചു. തിരക്കേറിയ ടെർമിനലിൽ നിന്നും യാത്രക്കാരനെ സുരക്ഷിതമാക്കുകയും അയാൾക്ക് ചുറ്റുമുണ്ടായിരുന്ന ആളുകളെ മാറ്റുകയും ശുദ്ധവായു ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. അവരുടെ പെട്ടെന്നുള്ള തീരുമാനങ്ങളും സമീപനവും മെഡിക്കൽ സംഘം എത്തുന്നതുവരെ യാത്രക്കാരന്റെ ജീവന് സംരക്ഷണമൊരുക്കുകയായിരുന്നു.
ആതിഥ്യ മര്യാദ എന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം യാത്രക്കാരന്റെ സുരക്ഷയും സംതൃപ്തിയും ഉറപ്പാക്കാനുള്ള കാര്യങ്ങൾ ചെയ്യുക എന്നതാണെന്ന് ബൽരാജും ആദർശും പറഞ്ഞു. യാത്രക്കാർക്ക് നമ്മൾ കൊടുക്കുന്ന സേവനങ്ങളിൽ സംതൃപ്തിയുണ്ടാകുക എന്നതാണ് ഏറ്റവും മുഖ്യമെന്നും അവർ പറഞ്ഞു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നിലധികം വകുപ്പുകൾ തമ്മിലുള്ള സുഗമമായ സഹകരണം കൂടിയാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്. യാത്രക്കാരന്റെ ജീവൻ നിലനിർത്തുന്നതിനായി ട്രാഫിക് മാർഷലുകൾ, മെഡിക്കൽ ഉദ്യോഗസ്ഥർ, എയർപോർട്ട് പോലീസ്, ഡി നാറ്റയിലെ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവർ ഒരുമിച്ചു പ്രവർത്തിക്കുകയാണ് ചെയ്തത്. ജോലിയിലെ ഇന്ത്യക്കാരുടെ പ്രവർത്തന മികവും ആത്മാർത്ഥതയും എടുത്തുകാണിക്കുന്നതാണ് ഈ സംഭവം.
