പുതിയ പരിശോധനാ ഫലം ആവശ്യമാണെന്ന് പറഞ്ഞ് മടക്കി അയച്ചതിന് പിന്നാലെ ഇയാള്‍ അര മണിക്കൂറിനുള്ളില്‍ മറ്റൊരു റിസള്‍ട്ടുമായി തിരിച്ചെത്തുകയായിരുന്നു. 

ദുബൈ: കൊവിഡ് പരിശോധനാ ഫലത്തില്‍ തിരുത്തലുകള്‍ വരുത്തി യാത്രയ്ക്കെത്തിയ വിദേശിക്കെതിരെ ദുബൈയില്‍ നടപടി തുടങ്ങി. 32കാരനായ പാകിസ്ഥാന്‍ സ്വദേശി കഴിഞ്ഞ ഡിസംബറില്‍ നാട്ടിലേക്ക് പോകാനായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്.

വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനാ റിസള്‍ട്ട് ഹാജരാക്കിയെങ്കിലും അതിന്റെ കാലാവധി കഴിഞ്ഞിരുന്നതിനാല്‍ ജീവനക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി. പുതിയ പരിശോധനാ ഫലം ആവശ്യമാണെന്ന് പറഞ്ഞ് മടക്കി അയച്ചതിന് പിന്നാലെ ഇയാള്‍ അര മണിക്കൂറിനുള്ളില്‍ മറ്റൊരു പരിശോധനാ ഫലവുമായി തിരിച്ചെത്തുകയായിരുന്നു. ഇത് പരിശോധനിച്ചപ്പോള്‍ നേരത്തെ കൊണ്ടുവന്ന ടെസ്റ്റ് റിസള്‍ട്ടിലെ തീയ്യതി മാറ്റിയതാണെന്ന് കണ്ടെത്തി. ഇതോടെയാണ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്.

ഷാര്‍ജയില്‍ വെച്ച് താന്‍ പരിശോധന നടത്തിയതാണെന്നും എന്നാല്‍ യാത്രാ തീയ്യതില്‍ മാറ്റം വന്നപ്പോള്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ പരിശോധനാ ഫലത്തിലും തീയ്യതി മാറ്റുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തീയ്യതി തിരുത്താന്‍ സഹായം നല്‍കിയ 30കാരനായ പാകിസ്ഥാന്‍ സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്‍തു. വ്യാജരേഖയുണ്ടാക്കിയതിനും വ്യാജ രേഖ ഉപയോഗിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിന്റെ അടുത്ത വിചാരണ ഏപ്രില്‍ ആറിലേക്ക് കോടതി മാറ്റിവെച്ചു.