ദുബായ്: എയര്‍ഹോസ്റ്റസായ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ യുവാവ് യാത്രക്കാരനയെത്തിയപ്പോള്‍ എമിറേറ്റ്സ് ജീവനക്കാരും സഹയാത്രികരും ചേര്‍ന്ന് അതൊരു ആഘോഷമാക്കി. റോമില്‍ നിന്ന് ദുബായിലേക്ക് പറക്കുകയായിരുന്ന വിമാനത്തില്‍ വെച്ചാണ് വിറ്റോറിയയെന്ന എയര്‍ ഹോസ്റ്റസിനോട് കാമുകന്‍ സ്റ്റെഫാനോ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എമിറേറ്റ്സ് തന്നെയാണ് ഔദ്യോഗിക അക്കൗണ്ട് വഴി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

വിറ്റോറിയ അറിയാതെ മറ്റ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് വിമാനത്തിലെ ഇക്കണോമി ക്ലാസ് അലങ്കരിച്ചു. സ്വന്തം ചിത്രമുള്ള മാസ്‍കുകളും സ്റ്റെഫാനോ മറ്റ് യാത്രക്കാര്‍ക്ക് നല്‍കി. ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് വിറ്റോറിയയെ മറ്റ് ജീവനക്കാര്‍ ഇവിടേക്ക് പറഞ്ഞയക്കുകയായിരുന്നു. അലങ്കരിച്ച ക്യാബിനില്‍ എല്ലാവരുടെയും മുഖത്ത് തന്റെ കാമുകന്റെ ചിത്രമുള്ള മാസ്ക് കണ്ട് അന്തം വിട്ട വിറ്റോറിയയുടെ കണ്ണ് നിറഞ്ഞു. ഇതിനിടെ മുന്നിലേക്ക് വന്ന സ്റ്റെഫാനോ നിലത്ത് മുട്ടുകുത്തിയിരുന്ന് പ്രേയസിയുടെ വിരലില്‍ മോതിരമണിയിച്ചു. യാത്രക്കാര്‍ മനോഹര രംഗം മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തി.

വീഡിയോ പങ്കുവെച്ച യാത്രക്കാര്‍ ഇരുവരുടെയും പ്രണയത്തോടൊപ്പം എമിറേറ്റ്സ് ജീവനക്കാരെയും അഭിനന്ദിക്കുന്നു. യാത്രക്കാരോട് ഇത്രയധികം സ്നേഹം പ്രകടിപ്പിക്കുന്ന ജീവനക്കാരാണ് എമിറേറ്റ്സിലെ യാത്ര അവിസ്മരണീയമാക്കുന്നതെന്ന് നിരവധിപ്പേര്‍ വീഡിയോയ്ക്ക് ചുവടെ കമന്റ് ചെയ്തു.