Asianet News MalayalamAsianet News Malayalam

വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവില്ല; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഖത്തര്‍ നേരത്തെ ക്വാറന്റീന്‍ ഒഴിവാക്കിയിരുന്നു. ഈ തീരുമാനത്തിലാണ് മാറ്റം വരുത്തിയത്. 

Passengers from countries including India need hotel quarantine in qatar
Author
Doha, First Published Apr 27, 2021, 8:55 AM IST

ദോഹ: ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്. വാക്‌സിന്‍ എടുത്തവര്‍ക്കും ക്വാറന്റീനില്‍ ഇളവുകളില്ല. ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചു. ഏപ്രില്‍ 29 വ്യാഴാഴ്ച ദോഹ പ്രാദേശിക സമയം പുലര്‍ച്ചെ 12 മണി മുതലാണ് ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയത് പ്രാബല്യത്തില്‍ വരികയെന്ന് എംബസി വ്യക്തമാക്കി. 

ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്. ഈ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വരുന്നവര്‍ക്കും ഈ രാജ്യങ്ങള്‍ വഴി വരുന്നവര്‍ക്കും(ട്രാന്‍സിറ്റ് യാത്രക്കാര്‍)പുതിയ നിബന്ധന ബാധകമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് പുറപ്പെടുന്ന രാജ്യത്തെ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നടത്തിയ കൊവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ക്ക് വിമാനങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. ഏപ്രില്‍ 28 പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടു മണി മുതലാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വ്യവസ്ഥ പ്രാബല്യത്തില്‍ വരിക. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഖത്തര്‍ നേരത്തെ ക്വാറന്റീന്‍ ഒഴിവാക്കിയിരുന്നു. ഈ തീരുമാനത്തിലാണ് മാറ്റം വരുത്തിയത്. 

Follow Us:
Download App:
  • android
  • ios