എല്ലാ രൂപത്തിലുമുള്ള സ്വർണ്ണവും കസ്റ്റംസിൽ വെളിപ്പെടുത്തണം, യാത്രക്കാർ പുറപ്പെടുമ്പോൾ ഒരു ഔട്ട്‌ഗോയിംഗ് കസ്റ്റംസ് ഡിക്ലറേഷൻ തയ്യാറാക്കണം.

കുവൈത്ത് സിറ്റി: യാത്ര ചെയ്യുമ്പോൾ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടുപോകുന്നതിന് യാത്രക്കാർ പാലിക്കേണ്ട നിയന്ത്രണങ്ങൾ കുവൈത്തിലെ സെന്‍റര്‍ ഫോർ ഗവൺമെന്‍റ് കമ്മ്യൂണിക്കേഷൻ (സിജിസി) പ്രഖ്യാപിച്ചതായി റിപ്പോർട്ട്. കസ്റ്റംസ് ഇൻസ്പെക്ഷൻ നടപടിക്രമ ഗൈഡ് അനുസരിച്ച്, യാത്രക്കാർ പുറപ്പെടുമ്പോഴോ എത്തിച്ചേരുമ്പോഴോ വിദേശ കറൻസിയിലോ പ്രാദേശിക കറൻസിയിലോ ആകട്ടെ, 3,000 ദിനാറിന്‌ തുല്യമായ തുക ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് സെന്‍റര്‍ വിശദീകരിച്ചു. വാച്ചുകൾ, ആഭരണങ്ങൾ, ഉയർന്ന മൂല്യമുള്ള ഉപകരണങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ അവയുടെ വാങ്ങൽ രസീതുകൾക്കൊപ്പം ഹാൻഡ് ലഗേജിൽ കൊണ്ടുപോകണം.

എല്ലാ രൂപത്തിലുമുള്ള സ്വർണ്ണവും (ആഭരണങ്ങൾ, സ്വ‍ണ്ണക്കട്ടി, സ്വർണ്ണ നാണയം) എന്നിവ കസ്റ്റംസിൽ വെളിപ്പെടുത്തണം, യാത്രക്കാർ പുറപ്പെടുമ്പോൾ ഒരു ഔട്ട്‌ഗോയിംഗ് കസ്റ്റംസ് ഡിക്ലറേഷൻ തയ്യാറാക്കണം. കുവൈത്തിലേക്ക് വരുന്നവർ സ്വർണ്ണവും വിലപിടിപ്പുള്ള വസ്തുക്കളുടെയും വാങ്ങൽ രസീതുകൾ ഹാജരാക്കുകയും വേണം. സ്വർണ്ണമോ വിലപിടിപ്പുള്ള വസ്തുക്കളോ കസ്റ്റംസിൽ ഡിക്ലയർ ചെയ്യാതിരിക്കുന്നത് പണമോ സ്വർണ്ണമോ കണ്ടുകെട്ടാനോ, അറസ്റ്റ് ചെയ്യാനോ ഇടയാക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുമ്പോൾ കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ (ജിഎസി) ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് കേന്ദ്രം അറിയിച്ചു.