അബുദാബി: അബുദാബി എമിറേറ്റില്‍ പ്രവേശിക്കുന്ന എല്ലാവരും ആറാമത്തെ ദിവസം കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണെന്ന് എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അറിയിച്ചു. ഇതില്‍ വീഴ്‍ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യും. 

നിലവില്‍ അബുദാബിയില്‍ പ്രവേശിക്കാന്‍ 48 മണിക്കൂറിനിടെയുള്ള ലേസര്‍ ഡി.പി.ഐ ടെസ്റ്റോ അല്ലെങ്കില്‍ പി.സി.ആര്‍ ടെസ്റ്റോ നിര്‍ബന്ധമാണ്. ഇതിലെ നെഗറ്റീവ് റിസള്‍ട്ട് അതിര്‍ത്തിയില്‍ ഹാജരാക്കി എമിറേറ്റിലേക്ക് പ്രവേശിക്കുന്നവര്‍, തുടര്‍ച്ചയായി ആറ് ദിവസം അവിടെ തങ്ങുകയാണെങ്കില്‍ ആറാം ദിവസം പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണം.

അബുദാബിയിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ സ്ഥിരതാമസക്കാര്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ അബുദാബിയില്‍ നിന്ന് പുറത്തുപോകാതെ സ്ഥിരമായി അവിടെ താമസിച്ചുവരുന്നവര്‍ക്ക് ഇത് ബാധകല്ല. യുഎഇയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങളില്‍ പങ്കാളിയായി വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഇളവുണ്ട്. ഇവര്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ലാതെ എമിറേറ്റിലേക്ക് പ്രവേശിക്കാന്‍ അതിര്‍ത്തിയില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്കുള്ള പ്രത്യേക ലേന്‍ ഉപയോഗിക്കുകയും ചെയ്യാം.

കൊവിഡ് രോഗബാധയുള്ളവര്‍ക്ക് പരിശോധനാ ഫലത്തിലൂടെ അത് വ്യക്തമാകാന്‍ ഏറ്റവും സാധ്യതയുള്ള സമയം കണക്കിലെടുത്താണ് ശാസ്ത്രീയമായി ഇത്തരമൊരു ക്രമം നിശ്ചയിച്ചിരിക്കുന്നതെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ ദിവസംതോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.