റിയാദ്​: സൗദിയിൽ നിന്നും കരമാർഗം ബഹ്റൈനിലേക്ക് പോകുന്നവർ മൂന്നു ദിവസത്തിനുള്ളിലെടുത്ത പിസിആർ ടെസ്റ്റ് ഹാജരാക്കണമെന്ന് കോസ് വേ അതോറിറ്റി. സൗദി  ഭരണകൂടത്തിന്റെ ടെസ്റ്റിങ് കേന്ദ്രങ്ങളിൽ നിന്നുള്ള ഫലം മൊബൈലിൽ കാണിച്ചാലും മതി. സൗദിയിലേക്ക് തിരികെ വരുന്നവരും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

സൗദിയിൽ നിന്നും കിങ് ഫഹദ് കോസ് വേ വഴി ബഹ്റൈനിലേക്ക് പോകുന്നവർക്കുള്ളതാണ് നിർദേശം. അതായത് സൗദിയിൽ നിന്നും ബഹ്റൈനിൽ പോകാൻ പിസിആർ ടെസ്റ്റ് നടത്തി റിസൾട്ട് നെഗറ്റീവാകണം. ഇതിനായി സൗദി ഭരണകൂടം വിവിധ കേന്ദ്രങ്ങളിലൊരുക്കിയ സൗജന്യ ഡ്രൈവ് ത്രൂ ടെസ്റ്റോ ഹെൽത്ത്  സെന്ററുകളിലെ ടെസ്​റ്റോ ഉപയോഗപ്പെടുത്താം. ‘സിഹ്വത്തി’ ആപ്ലിക്കേഷൻ വഴി ചെയ്യുന്ന ഈ ടെസ്റ്റ് ഫലം 12 മണിക്കൂർ കൊണ്ട് ലഭിക്കും. എസ്.എം.എസ് ആയോ,  സിഹ്വത്തി ആപ്ലിക്കേഷനിലോ ആണ് ഈ ഫലം വരിക. ഇതിലേതെങ്കിലും ഒന്ന് കാണിച്ച് ബഹ്റൈനിലേക്ക് കടക്കാം. സ്വകാര്യ ആശുപത്രിയിലെ സേവനങ്ങളും  ഉപയോഗപ്പെടുത്താം. 

അതേസമയം റിസൾട്ടില്ലാതെ ബഹ്റൈൻ കോസ്​വേയിലെത്തിയാൽ അവിടെ ടെസ്റ്റിന് വിധേയമാക്കും. 400 റിയാലാണ് ഇവിടെ ടെസ്റ്റിന് ചാർജ്. അഞ്ചു  വിഭാഗം ആളുകൾക്ക്​ ഒരു ടെസ്റ്റുമില്ലാതെ ബഹ്റൈനിൽ പോകാനാവും. ജോലി കഴിഞ്ഞ് മടങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ, സൈനികർ, ആരോഗ്യ ജീവനക്കാർ, ചികിത്സ  കഴിഞ്ഞ് മടങ്ങുന്നവർ, വാക്സിൻ സേവനങ്ങളിൽ പങ്കെടുക്കുന്നവർ എന്നിവർക്കാണ് പി.സി.ആർ ടെസ്റ്റില്ലാതെ ബഹ്റൈനിലേക്ക് കടക്കാനാവുക.  ബഹ്റൈനിൽ പോയി തിരികെ സൗദിയിൽ വരുന്നവരും പി.സി.ആർ ടെസ്റ്റ്​ നടത്തണം. സൗദിയിലെത്തിയ ശേഷം ഇവർ വീണ്ടും ടെസ്റ്റ് നടത്തി നെഗറ്റീവായ ശേഷമേ പുറത്തിറങ്ങാവൂ.