സൗദി അറേബ്യയുടെ ദേശീയ ദിനം ആഘോഷിച്ച് സ്വദേശികളും പ്രവാസികളും. രാജ്യത്തെ വിവിധ നഗരങ്ങളിൽ നടന്ന വ്യോമ, നാവിക, കര അഭ്യാസ പ്രകടനങ്ങൾ, കലാപരിപാടികൾ, സംഗീത രാവുകൾ എന്നിവയിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

റിയാദ്: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനാഘോഷങ്ങൾ സ്വദേശികളും വിദേശികളും സമുചിതമായി ആഘോഷിച്ചു. ചൊവ്വാഴ്ച രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ നിരവധി ആഘോഷ പരിപാടികൾ നടന്നു. രാജ്യത്തോടും നേതൃത്വത്തോടുമുള്ള ആഴമായ കൂറും അഭിമാനവും വിളിച്ചോതുന്നതായിരുന്നു ആഘോഷ പരിപാടികൾ. രാജ്യത്തെ വിവിധ നഗരങ്ങളിൽ നടന്ന വ്യോമ, നാവിക, കര അഭ്യാസ പ്രകടനങ്ങൾ, കലാപരിപാടികൾ, സംഗീത രാവുകൾ എന്നിവയിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങൾ വൻ വിജയമായിരുന്നു. വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന് കൂടുതൽ നിറം നൽകി. ജിദ്ദ ചെങ്കടൽ തീരത്ത് നടന്ന ആകർഷകമായ വ്യോമാഭ്യാസങ്ങളും നാവിക പ്രദർശനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. രാജ്യസ്നേഹം തുളുമ്പുന്ന സംഗീതത്തിന്റെ അകമ്പടിയോടെ നടന്ന കരഘോഷയാത്രകളും ആവേശമുണർത്തി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്ക് രാജ്യത്തെ 13 നഗരങ്ങളിൽ ഒരേസമയം നടന്ന കരിമരുന്ന് പ്രയോഗമായിരുന്നു മറ്റൊരു ആകർഷകമായ കൺകുളിർക്കുന്ന കാഴ്ച. ആകാശത്ത് വർണ്ണ വിസ്മയം തീർത്ത ഈ വെടിക്കെട്ട് പൗരന്മാർക്കും സന്ദർശകർക്കും ഒരുപോലെ ആനന്ദം നൽകി. ആഘോഷ പരിപാടികളിൽ ചിലത് വരും ദിവസങ്ങളിലും തുടരും.