റിയാദ്: റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ കയറി ആക്രമണം നടത്തിയയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കുറ്റപത്രം. സംഗീത ശില്‍പം അവതരിപ്പിക്കുന്നതിനിടെ നര്‍ത്തകരെ ഉള്‍പ്പെടെ കുത്തിവീഴ്ത്തിയ യെമന്‍ പൗരന് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് കുറ്റപത്രം ആരോപിക്കുന്നത്. കേസില്‍ വ്യാഴാഴ്ച കോടതി വാദം കേട്ടു.

നൃത്ത പരിപാടിക്കിടെ അപ്രതീക്ഷിതമായി സ്റ്റേജില്‍ കയറിയ ഇയാള്‍ ഒരു സ്ത്രീയെയും മൂന്ന് പുരുഷന്മാരെയുമാണ് കുത്തിയത്. മലസിലെ കിങ് അബ്‍ദുല്ല പാര്‍ക്കിലായിരുന്നു സംഭവം. രാജ്യത്ത് നുഴഞ്ഞുകയറിയ യെമനി പൗരനാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതി സൗദിയില്‍ ഇഖാമയുണ്ടായിരുന്നയാളാണ്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുക, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. യെമനിലെ തീവ്രവാദ സംഘനയുമായി ബന്ധമുള്ള ഇയാള്‍ അവിടെ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ളതായും കുറ്റപത്രം ആരോപിക്കുന്നു.

റിയാദ് സീസണ്‍ പരിപാടികളുടെ ഭാഗമായി സൗദിയില്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെ ഇയാള്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോരിറ്റിക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. യെമനിലെ തീവ്രവാദി സംഘടനയ്ക്ക് പണം അയക്കാന്‍ ശ്രമിച്ചതായും അനധികൃതമായി തോക്കും തിരകളും വാങ്ങി കൊള്ളയും പിടിച്ചുപറിയും നടത്തിയെന്നും കുറ്റപത്രം ആരോപിക്കുന്നു. ഇതെല്ലാം അറിഞ്ഞിട്ടും അധികൃതരില്‍ നിന്ന് മറച്ചുവെച്ചതാണ് രണ്ടാമത്തെ പ്രതിക്കെതിരായ കുറ്റം.