മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി നിത്യേന ആവശ്യം വരുന്ന ഉത്പന്നങ്ങള്‍ സാധാരണക്കാര്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് വാങ്ങിക്കൂട്ടുന്നത്

ദുബായ്: കൊറോണ വൈറസ് ഭീതി പടരുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ വലിയ തോതില്‍ വാങ്ങിക്കുന്ന അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കി ദുബായ് യൂണിയന്‍ കൂപ്പ്. മുന്‍ കരുതല്‍ നടപടികളായി വിലയിരുത്തുന്ന ഹാന്‍ഡ് സാനിറ്റൈസറും മാസ്കും അതുപോലുള്ള മറ്റ് അവശ്യ വസ്തുക്കളുടേയും ആവശ്യകത കൂടുന്ന സാഹചര്യത്തിലാണ് അറിയിപ്പ്.

ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിനുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ ലഭ്യമാണെന്ന് യൂണിയന്‍ കൂപ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ഡോ. സുഹൈല്‍ അല്‍ ബാസ്റ്റാകി. യൂണിയന്‍ കൂപ്പിന്‍റെ എല്ലാ ബ്രാഞ്ചുകളിലും സാനറ്റൈസര്‍ അടക്കമുള്ള എല്ലാ മുന്‍കരുതല്‍ ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങളിലേക്ക് നീങ്ങുകയാണെങ്കില്‍ അതിന് ആവശ്യമായ ഭക്ഷണ സാമഗ്രഹികള്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ യൂണിയന്‍ കൂപ്പില്‍ ലഭ്യമാണെന്നും സുഹൈല്‍ അല്‍ ബാസ്റ്റാകി വിശദമാക്കി. 

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നിരവധി സ്ഥാപനങ്ങള്‍ അവശ്യസാധനങ്ങള്‍ പൂഴ്ത്തി വയ്ക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി നിത്യേന ആവശ്യം വരുന്ന ഉത്പന്നങ്ങള്‍ സാധാരണക്കാര്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് വാങ്ങിക്കൂട്ടുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഓസ്ട്രേലിയയില്‍ ടോയിലറ്റ് പേപ്പറിനായി അടിപിടി കൂടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.