Asianet News MalayalamAsianet News Malayalam

അരുമ മൃഗങ്ങളുടെ ഓമനക്കാഴ്ചകളൊരുക്കി പെറ്റ് അറേബ്യ എക്സിബിഷന്‍

സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ് ഇവര്‍ ഈ മൃഗങ്ങളെ കാണുന്നതും പരിപാലിക്കുന്നതും. മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ മാത്രമല്ല, കാണാനത്തെയിവരും തങ്ങളുടെ വളര്‍ത്ത് മൃഗങ്ങളെ ഒപ്പം കൂട്ടി. 

Pet Arabia exhibition in Dubai UAE Asianet News Gulf Roundup afe
Author
First Published May 18, 2023, 11:47 PM IST

ദുബൈ: അരുമ മൃഗങ്ങളുടെ ഓമനക്കാഴ്ചകളായിരുന്നു ദുബായില്‍ നടന്ന പെറ്റ് അറേബ്യ എക്സിബിഷന്‍. പലതരത്തിലുള്ള നായ്ക്കളും പൂച്ചകളും സന്ദര്‍ശകരുടെ മനസ് കീഴടക്കിയ കാഴ്ചകളായിരുന്നു ഈ പ്രദര്‍ശന വേദിയില്‍. വളര്‍ത്ത് നായ്ക്കൾക്കും പൂച്ചകൾക്കുമൊക്കെയായി ഒട്ടേറെ മല്‍സരങ്ങളും ഇവിടെയുണ്ടായിരുന്നു.

വിവിധതരം നായക്കളുടെയും പൂച്ചകളുടെയും വലിയൊരു ലോകം. കണ്ടാൽ കയ്യിലെടുത്ത് താലോലിക്കാൻ തോന്നുന്നവ മുതൽ പേടിപ്പെടുത്തും വിധം വലുപ്പവും ശൗര്യവുമുള്ള വരെയുണ്ട് ഇക്കൂട്ടത്തിൽ. ലക്ഷങ്ങളാണ് ഓരോന്നിന്റെയും വില. ദക്ഷിണാഫ്രിക്കക്കാരനായ ബോർ ബുള്ളും അമേരിക്കൻ ബുൾഡോഗും റോട്ട് വീലറുമായിരുന്നു കൂട്ടത്തിലെ താരങ്ങൾ. എണ്ണത്തിലും ഇവരായിരുന്നു ഏറെയും. ഓരോ ഇനത്തിന്‍റെയും വലുപ്പവും സൗന്ദര്യവും ശൗര്യവും പ്രകടനവും അനുസരണയുമെല്ലാം വിലയിരുത്തി സമ്മാനം നൽകുന്ന ഡോഗ് ഷോ ആയിരുന്നു പ്രധാന ആകർഷണം. നടന്നും ഓടിയും രൂപഭംഗി പ്രദർശിപ്പിച്ചും സമ്മാനം സ്വന്തമാക്കാനുള്ള മൽസരം ഏറെ കൗതുകമുണര്‍ത്തി. അണിഞ്ഞൊരുങ്ങിയും ഗ്രൂം ചെയ്തുമൊക്കെ എത്തിയ നായ്ക്കൾ ഏറെ കൈയ്യടി നടി.

സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ് ഇവര്‍ ഈ മൃഗങ്ങളെ കാണുന്നതും പരിപാലിക്കുന്നതും. മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ മാത്രമല്ല, കാണാനത്തെയിവരും തങ്ങളുടെ വളര്‍ത്ത് മൃഗങ്ങളെ ഒപ്പം കൂട്ടി. മലയാളികളും വിവിധ മല്‍സരങ്ങളിലെ പങ്കാളിത്തം കൊണ്ട് സജീവമായിരുന്നു. രണ്ട് ഗോൾഡൻ റിട്ട്രീവറുമായാണ് മലയാളിയായ ജോ മോഹനും ഭാര്യയുമെത്തിയത്. പെറ്റ് ഫാഷൻ ഷോയി  ഇവരുടെ ഗോൾഡൻ റിട്രീവറുകളും പങ്കെടുത്തു.

ഓമനത്തം തുളുമ്പുന്ന പൂച്ചകളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. പതിനായിരം ഡോളര്‍ മുതൽ മുകളിലേക്കാണ് ഇതില്‍ പല പൂച്ചകളുടെയും വില. സന്ദര്‍ശകരുടെ തിരക്കേറിയപ്പോൾ  കൂട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഗൗരവക്കാരായി പൂച്ചകൾ. വളർത്തുമൃഗങ്ങളെ എങ്ങനെ പരിപാലിക്കണമെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും പെറ്റ് ഷോയുടെ ഭാഗമായുണ്ടായിരുന്നു. വഴിയിലുപേക്ഷിക്കപ്പെട്ട നായ്ക്കളെ ദത്തെടുത്താനുള്ള സൗകര്യവും മേളയിലുണ്ടായിരുന്നു. അല്‍ മായ കനെയന്‍ ആണ് ഈ സൗകര്യം ഒറുക്കിയത്.  തെരുവുനായക്കളെയും ഉടമസ്ഥരുപേക്ഷിച്ചവയേയും സംരക്ഷിച്ച് പരിപാലിച്ച് വരുന്ന സംഘടനയാണ് അൽ മായ. 21 വയസ് പൂർത്തിയായ ആർക്കും സൗജന്യമായി ഇവിടെ നിന്ന് ദത്തെടുക്കാം. ദത്ത് നൽകിയാലും പുതിയ  ഉടമകളെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കും. ഇത് വരെ ആയിരക്കണക്കിന് നായകളെയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങൾ കൊണ്ട് ഇവര്‍ ദത്ത് നല്‍കിയത്. 

ദത്തെടുക്കാന്‍ മാത്രമല്ല, മുന്തിയ ഇനം നായ്ക്കളെ വാങ്ങാനും അവസരമുണ്ടായിരുന്നു. ഇതിന് പുറമേ വിവിധ തരത്തിലുള്ള നായ്ക്കളുടെ പ്രദര്‍ശനവും മേളയുടെ ഭാഗമായി. വളർത്തുമൃഗങ്ങളുടെ പരിപാലനത്തിനായി ഒരു കുടക്കീഴിൽ പ്രദർശിപ്പിച്ച ഉൽപ്പന്നങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു. പോഷകാഹാരങ്ങളും  കളിപ്പാട്ടങ്ങളും മരുന്നുകളും തുടങ്ങി വസ്ത്രങ്ങളും മറ്റ് ഫാഷൻ ആക്സസറീസും വരെ മേളയിൽ സജ്ജീകരിച്ചിരുന്നു.  ബെൽജിയം, ചൈന, ഈജിപ്ത്, ഇന്തോനേഷ്യ, ഇറ്റലി, ഇന്ത്യ, കുവൈത്, നെതർലാൻഡ്‌സ്, പാകിസ്താൻ, ദക്ഷിണ കൊറിയ, സ്വിറ്റ്‌സർലാൻഡ്, റഷ്യ, തായ്‌ലാന്റ്, തുർക്കി, യുഎഇ, അമേരിക്ക എന്നിങ്ങനെ 16 രാജ്യങ്ങളിൽ നിന്നുള്ള 70 കമ്പനികൾ പ്രദർശനത്തിൽ പങ്കെടുത്തത്. സംഘാടകര്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമായിരുന്നു ഇത്തവണത്തെ മേളയുടെ സവിശേഷതകളിലൊന്ന്. വളര്‍ത്ത് മൃഗങ്ങൾ മനുഷ്യരുടെ ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് കൂടി തെളിയിക്കുന്ന കാഴ്ചകളായിരുന്നു ഇവിടെ കണ്ട ഓരോ ജീവതങ്ങളും കാഴ്ചകളും.

വീഡിയോ കാണാം...
 

Follow Us:
Download App:
  • android
  • ios