റിയാദ്: മദീന മസ്ജിദുന്നബവിയിലെ റൗദ സന്ദർശനം ഞായറാഴ്ച പുനരാരംഭിക്കും. പ്രതിദിനം 11,880 പേർക്കാണ് അനുമതി നൽകുകയെന്ന് മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു. സിയാറ, റൗദയിലെ നമസ്കാരം എന്നിവക്കുള്ള അനുമതി പത്രം ഇഅ്തർമനാ ആപ്പിലൂടെ ലഭിക്കും. 

സന്ദർശകർക്ക് മൂന്ന് പ്രവേശന കവാടങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സിയാറത്തിന് പുരുഷന്മാർക്ക് അൽസലാം കവാടം (നമ്പർ 1) വഴിയും റൗദയിലേക്ക് ബിലാൽ കവാടം (നമ്പർ 38) വഴിയുമായിരിക്കും പ്രവേശനം. റൗദയിലേക്ക് സ്ത്രീകൾക്ക് ഉസ്മാൻ കവാടം (നമ്പർ 24) വഴിയുമായിരിക്കും. സുബഹി, ദുഹ്ർ, അസ്ർ, മഗ്‍രിബ് നമസ്കാരങ്ങൾക്ക് ശേഷമായിരിക്കും പുരുഷന്മാർക്ക് റൗദയിലേക്ക് പ്രവേശനം. സ്ത്രീകൾക്ക് റൗദയിലേക്ക് പ്രവേശനം സുര്യോദയത്തിന് ശേഷം ദുഹ്ർ വരെയുള്ള സമയത്തായിരിക്കും. 

ഒരുദിവസം റൗദയിൽ നമസ്കരിക്കാൻ 900 സ്ത്രീകൾക്കാണ് അനുമതി നൽകുക. പുരുഷന്മാർക്ക് റൗദയിൽ നമസ്കാരത്തിന് ഒരു ദിവസം 1650 പേർക്ക് അനുമതി നൽകും. ഇശാഅ് നമസ്കാര ശേഷം മസ്ജിദുന്നബവി അടക്കുമെന്നും സുബ്ഹി നമസ്കാരത്തിന് ഒരു മണിക്കൂർ മുമ്പ് തുറക്കുമെന്നും അധികൃതർ അറിയിച്ചു. മദീനയിലെ ഒരുക്കങ്ങൾ ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ പരിശോധിച്ചു. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ സുദൈസുമായും മദീനയിലെ സുരക്ഷ, സേവന മേധാവികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. റൗദ സന്ദർശന ഒരുക്കങ്ങൾ വിലയിരുത്തി. 

ഇഅ്തർമനാ ആപ്പിലൂടെ അനുമതി പത്രം നേടിയവർക്കാണ് തീർഥാടനം ഘട്ടംഘട്ടമായി തിരിച്ചുകൊണ്ടുവരുന്ന രണ്ടാംഘട്ടത്തിൽ റൗദ സന്ദർശത്തിനേ അനുമതിയുള്ളൂ. മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും അനുമതി പത്രം വേണം. രണ്ടാംഘട്ടത്തിൽ പുതുതായി നാല് അനുമതി പത്രങ്ങൾ കൂടി ഇഅ്തമർനാ ആപ്പിൽ ഹജ്ജ് ഉംറ മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്.