അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രധാന മേഖലകളിലെ തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു.
അബുദാബി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളവും അബുദാബിയും തമ്മിൽ സാമ്പത്തിക വികസന പങ്കാളിത്തം വിപുലമാക്കാൻ ധാരണയായി.
സുപ്രധാന മേഖലകളിലെ തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും കൂടുതൽ നിക്ഷേപ പദ്ധതികൾക്ക് വഴി തുറക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫിസ് ചെയർമാനുമായ സൈഫ് സഈദ് ഗൊബഷ്, മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി എന്നിവരും സംബന്ധിച്ചു. മൂന്ന് ദിവസത്തെ യുഎഇ സന്ദർശനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയില്‍ നടന്ന പരിപാടിയിൽ പ്രവാസി സമൂഹം ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങി.


