തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രവാസികളെല്ലാം കൊവിഡ് രോഗവാഹകരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മടങ്ങിയെത്തുന്ന പ്രവാസികള്‍ എല്ലാവരും രോഗവാഹകരല്ലെന്നും അകറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്നും അത്തരത്തിലുള്ള തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറ്റ് ചില ലക്ഷ്യങ്ങള്‍ ഉണ്ടാകാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

മടങ്ങി വരുന്നവരില്‍ മഹാഭൂരിഭാഗം പേരും രോഗബാധ ഇല്ലാത്തവരാകാം. ചിലര്‍ രോഗവാഹകരാണ്. അത് തെളിഞ്ഞിട്ടുണ്ട്. ഇവര്‍ മടങ്ങിയെത്തുമ്പോള്‍ തന്നെ ആരൊക്കെയാണ് രോഗവാഹകരെന്നും ആര്‍ക്കാണ് രോഗബാധ ഇല്ലാത്തതെന്നും തിരിച്ചറിയാന്‍ കഴിയില്ല. കൂട്ടത്തില്‍ രോഗവാഹകരുണ്ടാകാം. അത്തരം ഘട്ടത്തില്‍ കൂടുതല്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. പ്രവാസികളുടെ സുരക്ഷയ്ക്കും ഇവിടെ കഴിയുന്നവരുടെ സംരക്ഷണത്തിനും ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗം എങ്ങനെ വരുന്നു എന്ന ബോധ്യമുണ്ടായാല്‍ മാത്രമെ അത് തടയാനാകൂ. പ്രവാസികള്‍ അവര്‍ക്ക് അവകാശപ്പെട്ട മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കണം. അതോടൊപ്പം സംസ്ഥാനത്തുള്ളവരും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് മറ്റ് പല ഉദ്ദേശ്യങ്ങളും കാണും. കുപ്രചാരണങ്ങളെ ജനങ്ങള്‍ വിശ്വസിക്കരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ എത്തിയ കുടുംബത്തിന്റെ ദുരനുഭവം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് പെരുനാട് പഞ്ചായത്തിലെത്തിയ ആറംഗ സംഘത്തിന് എങ്ങോട്ടും പോകാന്‍ കഴിയാതെ തെരുവില്‍ ഏറെ നേരം തങ്ങേണ്ടി വന്നെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അവര്‍ ക്വാറന്റൈനില്‍ കഴിയാന്‍ സജ്ജമാക്കിയ വീട്ടില്‍ കയറാന്‍ പോലും അനുവദിച്ചില്ല എന്നും പരാതിയുണ്ട്. മുംബൈയില്‍ നിന്ന് പ്രത്യേക വാഹനത്തിലെത്തിയ സംഘം റോഡില്‍ കുറച്ചുനേരം വാഹനം നിര്‍ത്തിയത് പരിഭാന്ത്രി പരത്തിയെന്നും ഒരു മാധ്യമറിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പ്രവാസി കേരളീയരെ പരിഗണിക്കുന്നില്ല എന്ന ദുഷ്പ്രചാരണവുമായി ചിലര്‍ രംഗത്തെത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി കേരളീയരുടെ കൂടെ നാടാണിത്. അവര്‍ക്ക് മുമ്പില്‍ ഒരു വാതിലുകളും കൊട്ടിയടയ്ക്കപ്പെടില്ല. അന്യ നാടുകളില്‍ ചെന്ന് കഷ്ടപ്പെടുന്ന അവര്‍ക്ക് ഏത് ഘട്ടത്തിലും കേരളത്തിലേക്ക് കടന്നു വരാം. ഈ നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാം. അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെയും വിദേശരാജ്യങ്ങളില്‍ ഉള്ളവരെയും തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്.

എന്നാല്‍ വിദേശ രാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും കുടുങ്ങിയ ലക്ഷക്കണക്കിന് കേരളീയര്‍ക്ക് ഒരേ ദിവസം ഇങ്ങോട്ട് കടന്നുവരാന്‍ കഴിയില്ല. പ്രത്യേക ക്രമീകരണങ്ങള്‍ അതിനായി വേണ്ടി വരും. വിവിധ മലയാളി സംഘടനകള്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുന്നുണ്ട്. എന്നാല്‍ അതിനെയൊക്ക അപ്രസക്തമാക്കുന്ന ചില പരിമിതികളുണ്ട്. അവയെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണങ്ങളില്‍ വിശ്വസിക്കാതിരിക്കുക എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുറത്തു നിന്നെത്തിയവര്‍ നിശ്ചിത ദിവസം ക്വാറന്‍റൈനില്‍ കഴിയണമെന്നും വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ വീട്ടിലുള്ള മറ്റ് അംഗങ്ങളുമായി ഇടപഴകരുതെന്നും അദ്ദേഹം പറഞ്ഞു.