ദില്ലി: ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രം രചിച്ച്, ഹസ്സ അല്‍ മന്‍സൂരിയെ വിജയികരമായി ബഹിരാകാശത്ത് എത്തിച്ച യുഎഇയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് മറുപടിയായി ട്വിറ്ററിലാണ് പ്രധാനമന്ത്രി തന്റെ അഭിനന്ദന സന്ദേശം കുറിച്ചത്.

'സഹോദരന്‍ ഹസ്സയിലൂടെ തുടക്കം കുറിച്ച യുഎഇയുടെ ബഹിരാകാശ യാത്ര ഐതിഹാസികമായിരിക്കുമെന്നും, വിജയികരമായ തുടക്കത്തില്‍ സന്തോഷമുണ്ടെന്നും' മോദി പറഞ്ഞു. യുഎഇ രാഷ്ട്ര നേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. ഉറ്റസുഹൃത്തായ യുഎഇയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് 2022ല്‍ ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കും. ഇന്ത്യ തന്നെ നിര്‍മിക്കുന്ന ബഹിരാകാശ വാഹനത്തിലായിരിക്കും ആ യാത്രയെന്നും അദ്ദേഹം സൂചിപ്പിച്ചു.

കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‍മോഡ്രോമില്‍ നിന്ന് 25ന് വൈകുന്നേരം 5.57നാണ് ഹസ്സ അല്‍ മന്‍സൂരി ഉള്‍പ്പെടെ മൂന്ന് യാത്രികരുമായി സോയുസ് എം.എസ് 15 പേടകം യാത്ര തിരിച്ചത്. റഷന്‍ കമാന്‍ഡര്‍ ഒലെഗ് സ്ക്രിപോഷ്ക, അമേരിക്കയില്‍ നിന്നുള്ള ജെസീക്ക മിര്‍ എന്നിവരാണ് ഹസ്സയ്ക്കൊപ്പമുള്ളത്. 6.17ന് ബഹിരാകാശത്തേക്ക് കടന്ന സോയുസ് പേടകം പ്രതീക്ഷിച്ചതിലും മൂന്ന് മിനിറ്റ് നേരത്തെ രാത്രി 11.44ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുകയായിരുന്നു.