കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ആദ്യമായി ജോലിക്ക് വരുന്ന പ്രവാസികള്‍ക്ക് പാര്‍പ്പിടാനുമതി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ രണ്ട് പൊലീസ് ക്ലിയറന്‍സുകള്‍ നിര്‍ബന്ധം. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്. രാജ്യത്തേക്ക് പുതുതായി ജോലി വിസയിലെത്തുന്ന പ്രവാസികള്‍ ഒരു തരത്തിലുമുള്ള കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടവരല്ലെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് പൊലീസ് ക്ലിയറന്‍സുകള്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ഉത്തരവ് പുറത്തിറക്കിയത്.

പൊലീസ് ക്ലിയറന്‍സില്‍ ഒരെണ്ണം അവരുടെ രാജ്യത്തുള്ള കുവൈത്ത് എംബസിയില്‍ അറ്റസ്റ്റ് ചെയ്തിരിക്കണം. കുവൈത്തിലെത്തുന്നതിന് മൂന്ന് മാസത്തിനുള്ളിൽ ലഭിച്ച പൊലീസ് ക്ലിയറൻസ് ആയിരിക്കണം ഇത്. രണ്ടാമത്തെ ക്ലിയറന്‍സ് കുവൈത്തിലെ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് ലഭിക്കേണ്ടത്.

ഇതിനും മൂന്ന് മാസത്തെ സമയപരിധിയാണ് വച്ചിരിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുന്നതിന്റെ ഭാഗമായാണ് കുവൈത്തിന്റെ പുതിയ നിയമ ഭേദഗതി.