അബുദാബി: കൊവിഡ് രോഗികളെ തിരിച്ചറിയാനായി പ്രത്യേക പരിശീലനം നല്‍കിയ പൊലീസ് നായ്ക്കളെ ഉപയോഗിക്കുന്ന സംവിധാനവുമായി യുഎഇ. ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് കെ9 പൊലീസ് നായ്ക്കളെ ഉപയോഗിച്ച് കൊവിഡ് രോഗികളെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി അറിയിച്ചത്.

വ്യക്തികളില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ പ്രത്യേക കുപ്പികളില്‍ നിക്ഷേപിച്ച ശേഷം നായ്ക്കളെ കൊണ്ട് മണം പിടിപ്പിച്ചാണ് കൊവിഡ് രോഗബാധിതരെ കണ്ടെത്തുന്നത്. ഇത്തരത്തില്‍ നായ്ക്കളെ ഉപയോഗിച്ച് കൊണ്ടുള്ള പുതിയ സംവിധാനത്തിലൂടെ ഏകദേശം 92 ശതമാനം കൃത്യമായി ഫലം അറിയാന്‍ സാധിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിന്‍റെ ഡാറ്റയും പഠനവും ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

കെ9 പൊലീസ് നായ്ക്കളെ ഉപയോഗിച്ച് കൊവിഡ് രോഗബാധിതരെ കണ്ടെത്തുന്നതിനുള്ള ട്രയലുകള്‍ വിജയകരമായി പൂര്‍ത്തിയായതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്‍റെ സുരക്ഷയെ മുന്‍നിര്‍ത്തി വിജയകരമായ പ്രായോഗിക പരീക്ഷണങ്ങള്‍ക്കും ശാസ്ത്രീയമായ പഠനങ്ങള്‍ക്കും ശേഷമാണ് പുതിയ രീതി ആരംഭിച്ചത്.