റിയാദ്: ചെക്ക് പോയിന്റില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊന്ന യുവാവ് സൗദിയിൽ അറസ്റ്റിലായി. റിയാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. കര്‍ഫ്യൂ നടപ്പാക്കുന്നതിന്റെ  ഭാഗമായി ചെക്ക് പോയിന്റില്‍ ജോലി ചെയ്യുകയായിരുന്ന രണ്ട് പൊലീസുകാരെയാണ് അമിത വേഗത്തിലെത്തിയ 23 വയസുകാരന്‍ ഇടിച്ചുതെറിപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ഹാനി അല്‍ ഉസൈമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ലബന്‍ ഡിസ്ട്രിക്റ്റില്‍ നിന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. തിരിച്ചറിയപ്പെടാതിരിക്കാന്‍ ഇയാള്‍ കാറിന്റെ നമ്പര്‍ പ്ലേറ്റുകള്‍ നീക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. മറ്റൊരിടത്ത് ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്ന ഈ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്കരിച്ചു. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പിതാവും അടുത്ത ബന്ധുക്കളും പൊലീസിലെ ഏതാനും  ഉദ്യോഗസ്ഥരും മാത്രമാണ് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത്.