റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജരേഖ നിര്‍മ്മാണ കേന്ദ്രം പൊലീസ് റെയ്ഡ് ചെയ്തു. മന്‍ഫൂഹ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കേന്ദ്രത്തില്‍ ഇഖാമകളും ഡ്രൈവിങ് ലൈസന്‍സുകളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകളും ഉള്‍പ്പെടെ വ്യാജമായി നിര്‍മ്മിച്ചിരുന്നു.

ഇഖാമ നിയമലംഘകരായ മൂന്ന് പാകിസ്ഥാനികളാണ് വ്യാജരേഖാ നിര്‍മ്മാണ കേന്ദ്രം നടത്തിയിരുന്നത്. നിരവധി വ്യാജ ഇഖാമകളും ഡ്രൈവിങ് ലൈസന്‍സുകളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും സംവിധാനങ്ങളും ഇവരുടെ കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തി. പിടിയിലായവരെ  നിയമനടപടികള്‍ക്കായി  ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.