പുറത്തുവിട്ട വീഡിയോ ക്ലിപ്പില്‍ ഹൈവേയിലൂടെ സഞ്ചരിക്കുന്ന ഒരു വാഹനത്തിന്റെ ടയര്‍ പൊട്ടുന്നതും നിയന്ത്രണം നഷ്ടമായി ഇടതുവശത്തുള്ള കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിക്കുന്നതുമാണ് ആദ്യമുള്ളത്.
അബുദാബി: യുഎഇയില്‍ കടുത്ത ചൂട് തുടരുമ്പോള്‍ വാഹനങ്ങളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ഓര്‍മിപ്പിക്കുകയാണ് അബുദാബി പൊലീസ്. മോശം ടയറുകളുമായി റോഡില്‍ ഇറങ്ങിയ ഒരു വാഹനത്തിന് സംഭവിച്ച അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ടയറുകളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ഗതാഗത നിയമങ്ങള്‍ പ്രകാരം പിഴ ചുമത്തുമെന്ന മുന്നറിയിപ്പും പൊലീസ് നല്‍കിയിട്ടുണ്ട്.
പുറത്തുവിട്ട വീഡിയോ ക്ലിപ്പില്‍ ഹൈവേയിലൂടെ സഞ്ചരിക്കുന്ന ഒരു വാഹനത്തിന്റെ ടയര്‍ പൊട്ടുന്നതും നിയന്ത്രണം നഷ്ടമായി ഇടതുവശത്തുള്ള കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിക്കുന്നതുമാണ് ആദ്യമുള്ളത്. തൊട്ടുപിന്നാലെ വാഹനം വെട്ടിത്തിരിഞ്ഞ് അഞ്ച് വരികളുള്ള ഹൈവേയില്‍ ലേനുകള്‍ ക്രോസ് ചെയ്ത് ഏറ്റവും വലത് വശത്തേക്ക് നീങ്ങുകയും അവിടെയുള്ള ബാരിയറില്‍ ഇടിച്ച് നില്‍ക്കുകയും ചെയ്‍തു. ഒരു സ്കൂള്‍ ബസ് ഉള്‍പ്പെടെ പത്തിലധികം വാഹനങ്ങള്‍ ഈ സമയത്ത് ആ സ്ഥലത്തുള്ളത് ക്യാമറാ ദൃശ്യങ്ങളില്‍ കാണാം. വലിയ അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും അത് ഭാഗ്യവശാല്‍ ഒഴിവായി.
വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് അനുസരിച്ച് വലിയ കൂട്ടിയിടികളൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ ഏതാനും വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തേണ്ടി വരികയും ചെയ്‍തു. ഓടിക്കൊണ്ടിക്കെ ടയറുകള്‍ പൊട്ടിത്തെറിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാവുമെന്ന് വീഡിയോ ക്ലിപ്പ് പങ്കുവെച്ചു കൊണ്ട് പൊലീസ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. മോശം നിലവാരത്തിലുള്ള ടയറുകളുമായി റോഡിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തുകയും ഡ്രൈവിങ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും. ഇതിന് പുറമെ ഒരാഴ്ച വാഹനം അധികൃതര്‍ പിടിച്ചുവെയ്ക്കുമെന്നും ബോധവത്കരണ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു.
വീഡിയോ ദൃശ്യങ്ങള്‍ കാണാം...
